ഓസ്ട്രിയയില്‍ മുസ്ലീം പളളികള്‍ അടച്ചുപൂട്ടും ; ഇമാമുമാരെ നാടുകടത്തും

വിയന്ന: തീവ്ര ഇസ്ലാമികവാദം രാജ്യത്ത് പിടിമുറുക്കുന്നുവെന്ന് ആരോപിച്ച് 60 ഇമാമുമാരെ നാടുകടത്താന്‍ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ ഒരുങ്ങുന്നു. തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു മുസ്ലീം പളളികള്‍ അടച്ചുപൂട്ടുന്നതിനും ഓസ്ട്രിയ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇസ്ലാമിക രാഷ്ട്രീയം രാജ്യത്ത് പിടിമുറുക്കുന്നുവെന്ന് ആരോപിച്ചാണ് ഓസ്ട്രിയ കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. തുര്‍ക്കിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന 60 ഇമാമുമാരെ നാടുകടത്താനുളള നീക്കം അതിവേഗം നടപ്പിലാക്കാനുളള ശ്രമത്തിലാണ് വലതുപക്ഷ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍.

വിദേശവിനിമ ചട്ടങ്ങള്‍ ലംഘിച്ച് ഇവര്‍ വിദേശ പണം സ്വീകരിച്ചതായും ഓസ്ട്രിയ സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. ഇത്തരം നടപടിയിലുടെ 150 പേരുടെ താമസിക്കാനുളള അവകാശം നഷ്ടപ്പെടുമെന്ന് വലതുപക്ഷ പാര്‍ട്ടിയായ ഫാര്‍ റൈറ്റ് ഫ്രീഡത്തിന്റെ നേതാവും ആഭ്യന്തര മന്ത്രിയുമായ ഹെര്‍ബെര്‍ട്ട് കിക്കിള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തുര്‍ക്കിയുടെ സഹായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഏഴു മുസ്ലീം പളളികളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന ആരോപണം ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല അന്വേഷണം നടക്കുകയാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായുളള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.

പളളികളുടെ നേതൃത്വത്തില്‍ മരണത്തെ ആസ്പദമാക്കിയുളള കളിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പുറമേ പളളികളുടെ മറവില്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് നടന്ന ഗാലിപോള്‍ യുദ്ധം പുനരാവിഷ്‌കരിക്കാനുളള ശ്രമം നടന്നതിന്റെ തെളിവുകളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top