നാസി ചിഹ്നങ്ങള്‍ ഔദ്യോഗികമായി നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ്

നാസി ചിഹ്നങ്ങള്‍ ഔദ്യോഗികമായി നിരോധിക്കുന്ന ആദ്യ ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് ആയി മാറാന്‍ വിക്ടോറിയ. 2022 -ന്റെ ആദ്യ പകുതിയില്‍ ഉഭയകക്ഷി പിന്തുണയോടെ സംസ്ഥാന പാര്‍ലമെന്റില്‍ ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദ്ദിഷ്ട നിയമപ്രകാരം, പൊതു ഇടങ്ങളില്‍ സ്വസ്തികകളും മറ്റ് വിദ്വേഷ ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും.

ഈ വര്‍ഷം ആദ്യമാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ഇത്തരം മുദ്രയും പ്രചാരണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങള്‍ക്കായി ചിഹ്നങ്ങളുടെ ഉപയോഗം നിരോധനത്തില്‍ ഉള്‍പ്പെടില്ല. വിക്ടോറിയന്‍ പാര്‍ലമെന്റ് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍, സമൂഹത്തിലെ നിരവധി ആളുകള്‍ക്ക് വിദ്വേഷപരമായ ഭാഷ അനുഭവിക്കേണ്ടി വരുന്നു എന്ന് പറയുന്നു. എന്നാല്‍, നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, സംരക്ഷണം കിട്ടുക വംശീയമായും മതപരമായും ഉള്ള വിദ്വേഷപ്രചരണത്തിന് മാത്രമാണ്.

കഴിഞ്ഞ വര്‍ഷം, വടക്കുപടിഞ്ഞാറന്‍ വിക്ടോറിയയിലെ ഒരു വീടിന് മുകളില്‍ നാസി പതാക പറത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതിനെതിരെ നിയമം മൂലമുള്ള നിരോധനമില്ലാത്തതിനാല്‍ തന്നെ അത് നീക്കം ചെയ്യാന്‍ പ്രാദേശിക അധികാരികള്‍ക്ക് ഉത്തരവിടാന്‍ കഴിഞ്ഞില്ല.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇത്തരം ചിഹ്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ വിക്ടോറിയ ഒരുങ്ങുന്നത്. നാസി ചിഹ്നങ്ങള്‍ നിരോധിക്കാനുള്ള വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തെ ഓസ്ട്രേലിയയിലുടനീളമുള്ള വിവിധ സാംസ്‌കാരിക, മനുഷ്യാവകാശ ഗ്രൂപ്പുകള്‍ വ്യാപകമായി പിന്തുണച്ചു.

 

Top