കുംബ്ലെയുടെ അനുഭവസമ്പത്ത് ടീമിന് ഗുണംചെയ്യുമെന്ന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം

സിഡ്നി: കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഇക്കുറി പരിശീലിപ്പിക്കുന്നത് ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. കുംബ്ലെയുടെ അനുഭവസമ്പത്ത് ടീമിന് ഗുണംചെയ്യും എന്ന് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ പറയുന്നു. കുംബ്ലെയുടെ അറിവ്, പരിചയം എന്നിവ ടീമിന് ഗുണകരമാകും.

കുംബ്ലെയെ പോലൊരാളുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്. ടീമിന് മികച്ച സ്‌ക്വാഡുണ്ട്, കുംബ്ലെയ്ക്ക് കീഴില്‍ അവര്‍ക്ക് വിജയിക്കാനാവും എന്നും ലീ പറഞ്ഞു. കിംഗ്സ് ഇലവനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീ. കിംഗ്സ് ഇലവന്‍ പഞ്ചാബുമായി രണ്ട് വര്‍ഷത്തെ കരാറാണ് കുംബ്ലെ ഒപ്പിട്ടിരിക്കുന്നത്.

ഐപിഎല്ലില്‍ കുംബ്ലെ ആദ്യമായാണ് ഒരു ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ ഉപദേശകനായി കുംബ്ലെയുണ്ടായിരുന്നു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ 13-ാം സീസണ്‍ യുഎഇയില്‍ അരങ്ങേറുക. ടീം ഇന്ത്യയുടെ പരിശീലകനായിട്ടുണ്ട് അനില്‍ കുംബ്ലെ. കുംബ്ലെ പരിശീലിപ്പിച്ച ഒരു വര്‍ഷക്കാലയളവില്‍ ടീം ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തി. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിക്കാനുമായി.

Top