കന്നി ഗ്രാൻഡ് സ്ലാം കിരീടം; ഓസ്‌ട്രേലിയൻ ഓപ്പൺ അരിന സബലെങ്കയ്ക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറസിന്റെ അരിന സബലെങ്കയ്ക്ക്. കരിയറില്‍ ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയ 24കാരി ആദ്യ ഫൈനല്‍ പ്രവേശം തന്നെ കിരീട നേട്ടത്തോടെ അവസാനിപ്പിച്ചാണ് കളം വിട്ടത്. താരത്തിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം ഗംഭീര തിരിച്ചു വരവാണ് താരം നടത്തിയത്. ഫൈനലില്‍ നിലവിലെ വിംബിണ്‍ഡണ്‍ ചാമ്പ്യന്‍ കൂടിയായ കസാഖിസ്ഥാന്റെ എലെന റിബാകിനയെ വീഴ്ത്തിയാണ് സബലെങ്ക കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യ സെറ്റ് 4-6ന് കൈവിട്ട സബലെങ്ക പിന്നീട് രണ്ട് സെറ്റുകള്‍ തുടരെ നേടിയാണ് മത്സരവും കിരീടവും പിടിച്ചെടുത്തത്. സ്‌കോര്‍: 4-6, 6-3, 6-4. വിജയത്തോടെ താരം ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

Top