പാര്‍ലമെന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണവുമായി പാര്‍ലമെന്റ് അംഗം ലിഡിയ തോര്‍പ്. സെനറ്റിനെ അഭിമുഖീകരിച്ചു സംസാരിക്കവെയാണ് ലിഡിയയുടെ വെളിപ്പെടുത്തല്‍. സഹപ്രവര്‍ത്തകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സ്പര്‍ശിച്ചുവെന്നുമാണ് ആരോപണം.

ലിബറല്‍ പാര്‍ട്ടി നേതാവ് ഡേവിഡ് വാനിനെതിരെയാണ് ആരോപണം. എന്നാല്‍, ആരോപണം വാന്‍ നിഷേധിച്ചു. തികച്ചും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണമുയര്‍ന്നതിനു പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.

പാര്‍ലമെന്റില്‍ ഓഫിസിനുള്ളില്‍നിന്നു പുറത്തിറങ്ങാന്‍ ഭയക്കുകയാണെന്നു തോര്‍പ് പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ നടക്കുമ്പോഴും ആരെയെങ്കിലും കൂടെക്കൂട്ടേണ്ട സ്ഥിതിയാണ്. പലര്‍ക്കും മുന്‍പ് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആരും പുറത്തു പറയാന്‍ തയാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

2021 മുതല്‍ നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമണ ആരോപണം ഉയരുന്നുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2019ല്‍ പാര്‍ലമെന്റില്‍ മന്ത്രിയുടെ ഓഫിസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന ആരോപണവുമായി ഉദ്യോഗസ്ഥയും രംഗത്തെത്തിയിരുന്നു.

 

Top