ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ചൈന; പ്രതിഷേധം ശക്തം

ബെയ്ജിംഗ്: ചൈനീസ് വംശജയായ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ചൈന. രാജ്യത്തെ രഹസ്യ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിജിടിഎന്‍ ചാനല്‍ അവതാരക ചെംഗ് ലീയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജയലില്‍ കഴിയുന്ന ചെംഗ് ലീക്കെതിരെ വെള്ളിയാഴ്ചയാണ് കുറ്റം ചുമത്തിയത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ഓഗസ്റ്റിലാണ് ചെംഗിനെ തടവിലാക്കിയത്.

ചൈനയ്ക്കും ഓസ്‌ട്രേലിയ്ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാപാര നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയിലാണ് അറസ്റ്റ്. തടവിലായ സമയത്ത് ചൈനയിലെ ഓസ്‌ട്രേലിയന്‍ എംബസി അധികൃതര്‍ മൂന്നു തവണ ചെംഗ് ലീയെ സന്ദര്‍ശിച്ചിരുന്നു. ഇതില്‍ അവസാനത്തെ കൂടികാഴ്ച ജനുവരി 22 നായിരുന്നു. ചെംഗ് ലീയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.

അതേസമയം, എന്തെങ്കിലും രാജ്യ രഹസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെംഗ് ലീ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല, എന്താണെന്ന് അറിയാത്ത കാര്യത്തിനാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് – ചെംഗ് ലീയുടെ കുടുംബ വക്താവ് വെന്‍ പറയുന്നു. ചെംഗ് ലീയുടെ കുടുംബം അമ്മയും ഒന്‍പതും പതിനൊന്നും വയസുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ്. അവരിപ്പോള്‍ മെല്‍ബണിലാണ് താമസം.

Top