Australian ISIS recruiter killed in US airstrike

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വംശജനായ ഐഎസ് ഭീകരന്‍ ഇറാഖില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നീല്‍ പ്രകാശ് എന്ന അബു ഖാലിദ് അല്‍ കംബോഡി എന്ന ഐഎസ് ഭീകരനാണ്

ഇറാഖില്‍ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് ആണ് ഇക്കാര്യം അറിയിച്ചത്.

ഓസ്‌ട്രേലിയയില്‍ ഐഎസിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന്റെ പ്രധാന ചുമതലക്കാരനായിരുന്നു അബു ഖലീദ് അല്‍ കംബോഡി എന്നറിയപ്പെടുന്ന നീല്‍ പ്രകാശ്. എന്നാല്‍, എപ്പോഴാണ് കൊല്ലപ്പെട്ടെന്നും എങ്ങനെയാണെന്നുമുള്ള വിവരം ലഭ്യമല്ല.

യുദ്ധത്തിലും ഏറ്റുമുട്ടലുകളിലും വീരമൃത്യുവരിച്ചവരുടെ ഓര്‍മയാചരണദിനമായി ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആചരിക്കുന്ന അന്‍സാക്ക് ദിനത്തില്‍ വിക്‌ടോറിയയില്‍ ആക്രമണം നടത്താന്‍ ഗൂഡാലോചനയിട്ടവരില്‍ നീല്‍ പ്രകാശും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

2013ല്‍ ഇയാള്‍ സിറിയയിലേക്കു രക്ഷപ്പെടുകയായിരുന്നു. ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഓസ്‌ട്രേലിയയും അമേരിക്കയും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇയാള്‍ ഇറാഖിലുണ്ടെന്നു കണ്ടെത്തിയത്.

നീല്‍ പ്രകാശിനെ വധിക്കാന്‍ കഴിഞ്ഞത് ഭീകരതയ്‌ക്കെതിരായ യുദ്ധത്തിലെ സുപ്രധാന മുന്നേറ്റമാണെന്നു പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു.

Top