നടരാജനെ അഭിനന്ദിച്ച് ഓസീസ് താരം ഡേവിഡ് വാർണർ

ന്ത്യ- ഓസ്ട്രേലിയ ടി-20 പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ പേസർ നടരാജനെ അഭിനന്ദിച്ച് ഒസീസ് ഓപ്പണർ ഡേവിഡ് വാർണർ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വാർണർ നടരാജന് അഭിനന്ദനമറിയിച്ചത്. ഐപിഎലിൽ നടരാജൻ കളിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനാണ് വാർണർ. പരമ്പര നഷ്ടമായെങ്കിലും നടരാജനെയോർത്ത് സന്തോഷിക്കുന്നുവെന്നും മത്സരത്തിൽ നന്നായി കളിച്ചുവെന്നും നെറ്റ് ബൗളറിൽ നിന്ന് ഏകദിന, ടി-20 മത്സരങ്ങൾ അരങ്ങേറിയത് വലിയൊരു നേട്ടമാണെന്നും വാർണർ കുറിച്ചു. ക്രിക്കറ്റ് എന്ന ഗെയിമിനെ ഒരുപാട് സ്നേഹിക്കുന്ന നടരാജൻ നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യക്കായി ടി-20 പരമ്പരയിൽ 12 ഓവറുകൾ എറിഞ്ഞ നടരാജൻ 6 വിക്കറ്റ് സ്വന്തമാക്കി വിക്കറ്റ് വേട്ടയിൽ പരമ്പരയിലെ തന്നെ മികച്ച താരമായി മാറിയിരുന്നു. 6.92 എന്ന മികച്ച എക്കോണമിയിലാണ് താരം ടി-20 പരമ്പരയിൽ പന്തെറിഞ്ഞത്. മികച്ച പ്രകടനത്തിൻ്റെ ബലത്തിൽ ടി-20 ലോകകപ്പ് ടീമിലേക്കുള്ള മത്സരം നടരാജൻ ശക്തമാക്കി.

Top