ഓസ്‌ട്രേലിയന്‍ സിനിമാ താരം ജെസിക്കാ ഫാല്‍ക്‌ഹോട്ട്‌ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

Jessica Falkholt

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നാടക-സിനിമ താരം ജെസിക്കാ ഫാല്‍ക്‌ഹോട്ട്‌ അന്തരിച്ചു. മൂന്നു ആഴ്ച മുന്‍പ്‌ നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ജെസിക്ക ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് സിഡ്‌നിയിലെ സെന്റ് ജോര്‍ജ് ഹോസ്പ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ ഡിസംബര്‍ 26-ന് സിഡ്‌നിയുടെ കിഴക്കന്‍ തീരത്തിനടുത്തുവെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു ജസീക്കയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അച്ഛന്‍ വിവിയന്‍ ഫാല്‍കോട്ടും, അമ്മ ലാര്‍സും അപകടസ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു.

സഹോദരിയും നടിയുമായ ഇരുപത്തൊന്നുകാരി അനാബെല്ല മൂന്നു ദിവസം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. പൊട്ടിപ്പൊളിഞ്ഞ കാറിനുള്ളില്‍ നിന്നുമാണ് ജെസിക്കയേയും, സഹോദരിയേയും പുറത്തെടുത്തത്. അതേ സമയം കാറിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു ജെസിക്കായുടെ മാതാപിതാക്കള്‍.

29 കാരിയായ ജസിക്കാ ‘ഹോപ്പ് മോറിസോണിന്റെ’ ഒരു ഡസനോളം എപ്പിസോഡുകളില്‍ അഭിനയിച്ചിട്ടുണ്ട്. ജസിക്കയുടെ പുതിയ ചിത്രമായ ‘ഹാര്‍മണി’ റിലീസിന് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷതമായ അപകടം നടന്നത്.

മറ്റ് മൂന്നു പേരുടേയും സംസ്‌ക്കാരം നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ജെസിക്കയും വിട പറഞ്ഞത്. പള്ളിയില്‍വെച്ചു നടന്ന സംസ്‌ക്കാര ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

Top