രണ്ടാം ഏകദിനത്തിലും തോല്‍വി; ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്

മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു മത്സരം ജനുവരി രണ്ടിന് നടക്കും.

ഓസ്ട്രേലിയ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറിക്ക് നാലു റണ്‍സകലെ പുറത്തായ റിച്ചാ ഘോഷാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. 117 പന്തുകള്‍ നേരിട്ട റിച്ച 13 ബൗണ്ടറികളടക്കം 96 റണ്‍സെടുത്തു. മധ്യനിര മികച്ച ബാറ്റിങ് പുറത്തെടുത്ത് വിജയപ്രതീക്ഷ ഉയര്‍ത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച.

55 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ്, 38 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സ്മൃതി മന്ദാന എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ഒരു ഘട്ടത്തില്‍ 43.4 ഓവറില്‍ നാലിന് 218 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ മത്സരം കൈവിട്ടത്. 36 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശര്‍മയ്ക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. യസ്തിക ഭാട്ടിയ (14), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി.

നേരത്തേ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡിന്റെയും എല്ലിസെ പെറിയുടെയും ഇന്നിങ്സുകളുടെ ബലത്തില്‍ ഓസീസ് വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിരുന്നു.

98 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളടക്കം 63 റണ്‍സെടുത്ത ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ്പ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട എല്ലിസ് പെറി ഒരു സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്തു. അലാന കിങ് (28*), തഹ്ലിയ മഗ്രാത്ത് (24), അന്നബെല്‍ സതെര്‍ലാന്‍ഡ് (23), ജോര്‍ജിയ വേരം (22) എന്നിവരും ഓസീസ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും ഓസീസ് ഇന്നിങ്സിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കി. നിരവധി ക്യാച്ചുകളാണ് മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മുംബൈയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടിരുന്നു.

Top