രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ; വിജയം 275 റൺസിന്

അഡ്‌ലെയ്ഡ്: ആഷസിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ തുരത്തി ഓസ്‌ട്രേലിയ. രണ്ടാമിന്നിങ്‌സില്‍ 468 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 192 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 275 റണ്‍സിനാണ് ഓസീസിന്റെ വിജയം. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി. ആദ്യ ടെസ്റ്റിലും ഓസീസ് വിജയിച്ചിരുന്നു.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെ റിച്ചാര്‍ഡ്‌സന്റെ ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും രണ്ടു വിക്കറ്റ് വീതവും മൈക്കല്‍ നെസെര്‍ ഒരു വിക്കറ്റും വീഴ്ത്തി. 44 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. റോറി ബേണ്‍സ് 34 റണ്‍സെടുത്തപ്പോള്‍ ജോസ് ബട്‌ലര്‍ 26 റണ്‍സെടുത്തു.

നാല് റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ആദ്യ വിക്കറ്റു വീണ ഇംഗ്ലണ്ടിന് പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. കൃത്യമായ ഇടവേളകഴളില്‍ വിക്കറ്റുകള്‍ വീണു. ഇതിനിടയില്‍ ഏഴാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ക്രിസ് വോക്‌സിന്റേയും ജോസ് ബട്‌ലറുടേയും പ്രകടനമാണ് ആകെ എടുത്തുപറയാനുള്ളത്.

നേരത്തെ ഒമ്പതു വിക്കറ്റിന് 230 റണ്‍സ് എന്ന നിലയില്‍ ഓസീസ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മാര്‍നസ് ലബുഷെയ്ന്‍ (51), ട്രാവിഡ് ഹെഡ് (51) എന്നിവര്‍ ഓസീസിനായി അര്‍ധ സെഞ്ചുറി കണ്ടെത്തി.

ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്‌കോറായ 473 റണ്‍സിനെതിരേ ഇംഗ്ലണ്ട് 236 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇതോടെ ഓസീസിന് ഒന്നാമിന്നിങ്സില്‍ 237 റണ്‍സ് ലീഡ് നേടാന്‍ കഴിഞ്ഞു. നാല് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കിയത്. കാമറൂണ്‍ ഗ്രീന്‍ രണ്ടും നെസെര്‍ ഒരു വിക്കറ്റും നേടി.

157 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 80 റണ്‍സ് നേടിയ ഡേവിഡ് മലനാണ് ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 62 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ട് മികച്ച പിന്തുണ നല്‍കി. 12 റണ്‍സിനിടയില്‍ രണ്ടു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ഇരുവരും ഒത്തുചേര്‍ന്നു. 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഇംഗ്ലണ്ടിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ സ്റ്റോക്ക്സ് 34 റണ്‍സെടുത്തപ്പോള്‍ ക്രിസ് വോക്സ് 24 റണ്‍സ് നേടി. കാര്യമായി ഒന്നും ചെയ്യാതെ വാലറ്റം പെട്ടെന്ന് കീഴടങ്ങി.

നേരത്തെ ഓസ്ട്രേലിയ ഒമ്പത് വിക്കറ്റിന് 473 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ മാര്‍നസ് ലബൂഷെയ്നും 95 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 93 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 51 റണ്‍സോടെ അലക്സ് കാരിയും തിളങ്ങി

Top