വിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഓസീസിന് തകര്‍പ്പന്‍ ജയം

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. മഴനിയമ പ്രകാരം 257 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 123 റണ്‍സിന് പുറത്തായി. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം നായകസ്ഥാനമേറ്റെടുത്ത അലക്സ് കാരെയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 87 പന്തില്‍ അലക്സ് കാരെ 67 റണ്‍സെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

വിന്‍ഡീസ് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് മാത്രമാണ് പിടിച്ചുനിന്നത്. പാള്ളാര്‍ഡ് 57 പന്തില്‍ 56 റണ്‍സെടുത്തു. എവിന്‍ ലൂയിസ് (0), ഷിംറോണ്‍ ഹെറ്റ്മയേര്‍ (11), ജേസണ്‍ മുഹമ്മദ് (2), ഡാരന്‍ ബ്രാവോ (2), നിക്കോളാസ് പുരാന്‍ (0), ജേസണ്‍ ഹോള്‍ഡര്‍ (0), അല്‍സാരി ജോസഫ് (17), ഹെയ്ഡന്‍ വാല്‍ഷ് (20), അകെയ്ല്‍ ഹൊസേന്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷെല്‍ഡണ്‍ കോട്ട്രല്‍ (4) പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിന് പുറമെ ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റെടുത്തു.

ഓസീസ് നിരയില്‍ കാരെയ്ക്ക് പുറമെ അഷ്ടണ്‍ ടര്‍ണര്‍ (49), ജോഷ് ഫിലിപെ (39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബെന്‍ മക്ഡെര്‍മോട്ട് (28), മിച്ചല്‍ മാര്‍ഷ് (20), മോയ്സസ് ഹെന്റിക്വസ് (7), മാത്യു വെയ്ഡ് (3), സ്റ്റാര്‍ക്ക് (8), വെസ് അഗര്‍ (9) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ആഡം സാംപ (12), ഹേസല്‍വുഡ് (1) പുറത്താവാതെ നിന്നു. ഹെയ്ഡന്‍ വാല്‍ഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

 

 

Top