കോഹ്‌ലിയുടെ അഭാവത്തിൽ ഓസ്‌ട്രേലിയ അനായാസം ജയിക്കുമെന്ന് മൈക്കല്‍ വോണ്‍

ന്യൂഡൽഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ അനായാസമായി ജയിക്കുമെന്ന് മൈക്കല്‍ വോണ്‍. കോഹ്‌ലി ആദ്യ ടെസ്റ്റിനു ശേഷം വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ അനായാസമായി ജയിക്കുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണിന്റെ വാദം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഓസ്ട്രേലിയയില്‍ മൂന്ന് ടെസ്റ്റുകള്‍ക്ക് കോഹ്‌ലി ഇല്ല . കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോലി എടുത്ത തീരുമാനം ശരിയാണ്. എന്നാല്‍ അതിനര്‍ഥം പരമ്പര ഓസ്‌ട്രേലിയ അനായാസം ജയിക്കാന്‍ പോകുന്നു എന്നതാണ്.’ – എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്. അച്ഛനാകാൻ ഒരുങ്ങുന്ന വിരാട് കോഹ്‌ലിക്ക് ബി.സി.സി.ഐ അവധി അനുവദിച്ചിരുന്നു. ഇതോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിനു ശേഷം കോലി നാട്ടിലേക്ക് മടങ്ങും. പ്രസവ സമയത്ത് അനുഷ്‌കയ്ക്ക് പിന്തുണ നല്‍കാന്‍ വേണ്ടിയാണ് കോലി മാറിനില്‍ക്കുന്നത്.

ഒക്ടോബര്‍ 26-ന് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോഹ്‌ലി നാട്ടിലേക്ക് മടങ്ങാനുള്ള താല്പര്യം അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ചീഫ് സെലക്ടര്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി കോലിക്ക് അവധി (Paternity Leave) അനുവദിക്കുകയായിരുന്നു. കോഹ്‌ലി കളിക്കാതിരിക്കുന്ന സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ക്യാപ്റ്റനാക്കാനാണ് നീക്കം. പക്ഷേ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുന്ന രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. ഡിസംബര്‍ 17-നാണ് ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴു മുതല്‍ സിഡ്‌നിയിലും നാലാം ടെസ്റ്റ് ജനുവരി 15 മുതല്‍ ബ്രിസ്‌ബെയ്‌നിലുമാണ്.

Top