ലോകകപ്പ് : ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയക്ക് 210 റണ്‍സ് വിജയലക്ഷ്യം

ലഖ്നൗ : ലോകകപ്പിലെ ആദ്യ ജയം തേടിയിറങ്ങിയ ഓസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരെ 210 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക 43.3 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണിംഗ് വിക്കറ്റില്‍ 125 റണ്‍സടിച്ച ശേഷമായിരുന്നു ശ്രീലങ്കയുടെ നാടകീയ തകര്‍ച്ച. 78 റണ്‍സെടുത്ത ഓപ്പണര്‍ കുശാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ പാതും നിസങ്ക 61 റണ്‍സടിച്ചു. ഇരുവര്‍ക്കും പുറമെ 25 റണ്‍സടിച്ച ചരിത് അസലങ്ക മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഓസീസിനായി ആദം സാംപ നാലും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ലങ്കക്ക് സ്വപ്നതുല്യമായ തുടക്കമാണ് പാതും നിസങ്കയും കുശാല്‍ പെരേരയും ചേര്‍ന്ന് നല്‍കിയത്. 22-ാം ഓവറില്‍ ലങ്കയെ വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സിലെത്തിച്ചു. എന്നാല്‍ രണ്ടാം സ്പെല്ലിനെത്തിയ പാറ്റ് കമിന്‍സ് പാതും നിസങ്കയെ(61)പുറത്താക്കിയതോടെ ലങ്കയുടെ തകര്‍ച്ചയും തുടങ്ങി.കുശാല്‍ പെരേര(78) ലങ്കയെ 150 കടത്തിയെങ്കിലും കമിന്‍സിന്‍റെ പന്തില്‍ ബൗള്‍ഡായി.

പിന്നീട് ലങ്ക നാടകീയമായി തകര്‍ന്നടിഞ്ഞു. ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്(9), സദീര സമരവിക്രമ(8) എന്നിവരെ മടക്കി ആദം സാംപ ലങ്കയുടെ നടുവൊടിച്ചു.ധനഞ്ജയ ഡിസില്‍വയെ(7) മിച്ചല്‍ സ്റ്റാര്‍ക്ക് വീഴ്ത്തി. പിന്നാലെ ദുനിത് വെല്ലാലെഗെ(2) റണ്ണൗട്ടായി. ചമിക കരുണരത്നെയും(2), മഹീഷ് തീക്ഷണയയെയും(0) കൂടി വീഴ്ത്തി സാംപ ലങ്കയുടെ വാലും അരിഞ്ഞു.

25 റണ്‍സുമായി പൊരുതി ചരിത് അസലങ്ക ലഹ്കയെ 200 കടത്തിയെങ്കിലും മാക്സ്‌വെല്ലിന്റെ പന്തില്‍ പുറത്തായതോടെ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചു. 52 റണ്‍സെടുക്കുന്നതിനിടെയാണ് ലങ്കക്ക് അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായത്.

Top