പെട്ടെന്ന് പുറത്തായാല്‍ ഡിസ്‌ക്കോ കാണാന്‍ പോകാം; പന്തിന് മറുപടി നല്‍കി ഓസിസ്

rishabh pant

പെര്‍ത്ത്: ഓസിസ്-ഇന്ത്യാ മത്സരത്തില്‍ കളിയേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത് താരങ്ങള്‍ തമ്മില്‍ നടന്ന വാക്ക്തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമായിരുന്നു. കഴിഞ്ഞ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇക്കാര്യത്തില്‍ മുന്നില്‍ നിന്നത് യുവതാരം റിഷഭ് പന്ത് ആയിരുന്നു. കളിക്കിടയില്‍ ഓസിസ് താരം പാറ്റ് കിമ്മിന്‍സിന് നേരെ വാക്കുകള്‍ കൊണ്ട് പ്രകോപനം തീര്‍ക്കുകയായിരുന്നു റിഷഭ്. കളിക്ക് ശേഷം ഇക്കാര്യം വിമര്‍ശങ്ങള്‍ക്കിടവെച്ചിരുന്നു.

ആദ്യ ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജ, കമ്മിന്‍സ് എന്നിവര്‍ക്ക് നേരെ ആയിരുന്നു പന്തിന്റെ സ്ലെഡ്ജിംഗ്.’എല്ലാവര്‍ക്കും പൂജാരയാകാന്‍ ആകില്ല’ എന്ന കമന്റ് ആയിരുന്നു പന്ത് ഖവാജയ്ക്ക് നേരെ വിട്ടത്.പക്ഷേ ശ്രദ്ധേയമായത് കമ്മിന്‍സിന് വിക്കറ്റിന് പിന്നില്‍ നിന്നും പന്ത് നല്‍കിയ കമന്ററി ആയിരുന്നു.’ഇവിടെ സിക്‌സ് നേടാന്‍ വലിയ ബുദ്ധിമുട്ടാണ് പാറ്റി’ എന്ന് തുടങ്ങുന്ന പ്രകോപനകരമായ കമന്റുകള്‍ ആണ് അയാള്‍ പറഞ്ഞത്.

ഇപ്പോള്‍ ഇതാ പന്തിന്റെ ആ പണിക്ക് മറുപണി നല്‍കിയിരിക്കുകയാണ് ഓസിസ്. രണ്ടാം ടെസ്റ്റ് കളിക്കുന്ന മാര്‍ക്കസ് ഹാരിസ് ആയിരുന്നു കമ്മിന്‍സിന് വേണ്ടി പക വീട്ടിയത്.’പെട്ടെന്ന് പുറത്തായാല്‍ നിങ്ങള്‍ക്ക് ഇന്ന് രാത്രി ഡിസ്‌ക്കോ കാണാന്‍ പോകാം. പെര്‍ത്തിലെ തിങ്കളാഴ്ച രാത്രികള്‍ അതിനുള്ളതാണ്’ എന്നതായിരുന്നു ഹാരിസിന്റെ കമന്റ്.287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ആയിരുന്നു ഹാരിസിന്റെ മറുപടി.

Top