കളികഴിഞ്ഞിട്ടും കലിപ്പടക്കാതെ കൊഹ്‌ലി; ഓസീസ് നായകനെ കണ്ണുരുട്ടി പേടിപ്പിച്ചു

പെര്‍ത്തില്‍ ഇന്ത്യന്‍ ടീമിനെ തറ പറ്റിച്ചുകൊണ്ടാണ്‌ അഡ്‌ലെയ്ഡില്‍ ഉണ്ടായ തകര്‍ച്ചയ്ക്ക് ഓസ്‌ട്രേലിയ മറുപടി പറഞ്ഞത്. പരാജയപ്പെടുത്തിയതിന് പുറമേ വിരാട് കൊഹ്‌ലിയുടെ കണക്കുകൂട്ടകളും ഓസിസ് തകര്‍ത്തെറിഞ്ഞിരുന്നു.

വാശിയേറിയ മത്സരമായിരുന്നു കളിയില്‍ ഇരു ടീമുകളും കാഴ്ച വെച്ചത്. കളിയില്‍ ഇടയ്ക്ക് വെച്ച് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ആരാധകര്‍ക്ക് കാണാനായി. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയ്‌നും ഏറ്റുമുട്ടിയത്. നാലാം ദിനത്തില്‍ ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിട്ടതോടെ അമ്പയര്‍ ക്രിസ് ജെഫാനി ഇടപെടുകയും ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ റണ്‍ പൂര്‍ത്തിയാക്കാന്‍ ഓടുന്നതിനിടെയായിരുന്നു സംഭവം. ക്യാപ്റ്റന്മാരുടെ ഏറ്റുമുട്ടലിനിടയില്‍ എത്തിയ അമ്പയര്‍ ‘നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് ഓസീസ് നായകനെ ഓര്‍മിപ്പിക്കുകയും, ‘ശാന്തനാകൂ, വിരാട്’ എന്ന് ഇന്ത്യന്‍ നായകനോട് പറയുകയും ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

പക്ഷേ അന്ന് പിന്തിരിഞ്ഞു എങ്കിലും വീണ്ടും മൂന്നാം ദിനത്തിലും കൊഹ്‌ലിയും പെയ്‌നും തമ്മില്‍ ഏറ്റുമുട്ടി. പെയ്‌നെ പുറത്താക്കാന്‍ ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്.

ടെസ്റ്റില്‍ ഇന്ത്യയും ഓസിസും പൊരിഞ്ഞ പോരാട്ടമാണ് കാഴ്ചവെച്ചത്, പക്ഷേ കളിയുടെ അവസാന ദിനം ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. പെര്‍ത്ത് ടെസ്റ്റിന്റെ തോല്‍വിക്കുശേഷവും വിരാട് കൊഹ്‌ലിക്ക് ഓസീസ് നായകനോടുള്ള ദ്വേഷ്യം അടങ്ങിയില്ല. മത്സരശേഷം പെയ്ന്‍ ഇന്ത്യന്‍ നായകന് കൈകൊടുത്തെങ്കിലും കൊഹ്‌ലിയുടെ മുഖത്ത് അപ്പോഴും ദ്വേഷ്യമായിരുന്നു.

Top