ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അന്തിമ ഇലവനിൽ ഉൾപ്പെടുന്ന ഇന്ത്യന്‍ താരങ്ങളാരൊക്കെ?

ബ്രിസ്‌ബേൻ: ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ഉൾപ്പെടുന്ന ഇന്ത്യന്‍ താരങ്ങളാരൊക്കെയാകുമെന്ന കാര്യത്തിൽ ആശയകുഴപ്പം തുടരുന്നു. നാളെയാണ് ഓസ്‌ട്രേലിയക്കെതിരായ അവസാനത്തേതും നാലാമത്തേതുമായ ടെസ്റ്റ് തുടങ്ങുന്നത്. ടീമിൽ പരിക്കേറ്റ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കില്ലെന്ന് ഉറപ്പായി. ജസ്പ്രീത് ബുമ്രയുടേയും ആര്‍. അശ്വിന്‍റെയും റിഷഭ് പന്തിന്‍റെയും കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഹനുമ വിഹാരിക്ക് പകരം മായങ്ക് അഗര്‍വാള്‍ പരിഗണനയിലുണ്ട്.

എന്നാല്‍ നേരിയ പരിക്ക് മായങ്കിനെയും വലയ്ക്കു‌ന്നുണ്ട്. വൃദ്ധിമാൻ സാഹയോ പൃഥ്വി ഷായോ പകരക്കാരനായേക്കുമെന്നും സൂചനയുണ്ട്. ജഡേജക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ഇറങ്ങിയേക്കും. ആര്‍. അശ്വിൻ കളിച്ചില്ലെങ്കില്‍ കുല്‍ദീപ് യാദവും. ബുംറയ്‌ക്ക് പകരക്കാരായി ഷാര്‍ദുല്‍ താക്കൂറും ടി. നടരാജുമാണ് പരിഗണനയില്‍. ഷാര്‍ദുല്‍ താക്കൂറിനാണ് മുൻഗണന.

രോഹിത്തിനൊപ്പം പൃഥ്വി ഷായെ ഓപ്പണറാക്കി ശുഭ്മാൻ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കാനും സാധ്യതകളുണ്ട്. ഇന്ത്യൻ സമയം നാളെ രാവിലെ 5.30നാണ് ബ്രിസ്‌ബേൻ ടെസ്റ്റ് തുടങ്ങുക. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ കളി വീതം ജയിച്ചിരുന്നു. സിഡ്നിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്.

അതേസമയം പ്ലേയിംഗ് ഇലവനില്‍ മാറ്റവുമായാണ് ബ്രിസ്‌ബേനില്‍ ഓസ്‌ട്രേലിയ ഇറങ്ങുക. പരിക്കേറ്റ യുവ ഓപ്പണർ വില്‍ പുകോവ്‌സ്‌കി നാളെ കളിക്കില്ല. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം മാർക്കസ് ഹാരിസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ ടിം പെയ്‌ന്‍ അറിയിച്ചു. സിഡ്‌നി ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ ചുമലിന് പരിക്കേറ്റതാണ് പുകോവ്‌സ്‌കിക്ക് തിരിച്ചടിയായത്.

Top