ദക്ഷിണാഫ്രിക്കന്‍ പര്യടനം; ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യു വെയ്ഡ് ഇല്ല

സിഡ്നി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാത്യു വെയ്ഡ് ഉണ്ടാവില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്ന വെയ്ഡ‍ിനെ ഒഴിവാക്കി പകരം അലക്സ് കാരെയെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉൾപ്പെടുത്തിയത്. അലക്സ് കാരെയുടെ അരങ്ങേറ്റ ടെസ്റ്റ് ആയിരിക്കും ഇത്. അതേസമയം, അടുത്തമാസം 22 മുതല്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ വെയ്ഡിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരായ പരമ്പര തോറ്റെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ടിം പെയ്നിനെ സെലക്ടര്‍മാര്‍ മാറ്റിയിട്ടില്ല. പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച നായകനാണ് പെയ്നെന്ന് സെലക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പെയ്നിനെ ടീം അംഗങ്ങളുടെയും പരിശീലകന്‍റെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെയും പിന്തുണയുണ്ടെന്നും ഇന്ത്യക്കെതിരായ പരമ്പര നഷ്ടം കൊണ്ട് അതില്‍ ഇടിവ് തട്ടിയിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ എക്സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ബെന്‍ ഒളിവര്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഓസ്ട്രേലിയ കളിക്കുക. പരമ്പരയുടെ തീയതി സംബന്ധിച്ച് ഇരു ബോര്‍ഡുകളും ഇതുവരെ അന്തിമ തീരുമാനമടുത്തിട്ടില്ല. ടിം പെയ്ൻ (ക്യാപ്റ്റൻ), പാറ്റ് കമ്മിൻസ്, സീൻ അബോട്ട്, അലക്സ് കാരെ, കാമറൂൺ ഗ്രീൻ, മാർക്കസ് ഹാരിസ്, ജോഷ് ഹേസ‌ൽവുഡ്, ട്രാവിസ് ഹെഡ്, മോയ്‌സസ് ഹെൻറിക്വസ്, മാർനസ് ലബുഷാഗ്നെ, നഥാൻ ലിയോൺ, മൈക്കൽ നെസർ, ജെയിംസ് പാറ്റിൻസൺ, വിൽ പുകോവ്സ്കി, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്ക് സ്റ്റെക്കെറ്റി, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ എന്നിവരാണ് ടീമിലുൾപ്പെട്ടിട്ടുള്ളവർ.

Top