ഓസ്ട്രേലിയന്‍ ലോകകപ്പ് ടീമില്‍ സ്മിത്തും വാര്‍ണറും; സണ്‍ റൈസേഴ്‌സിന് തിരിച്ചടി

സ്ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങളെ പ്രഖ്യാപിച്ചത് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. ലോകകപ്പിനായുള്ള ഓസ്‌ട്രേലിയയുടെ പതിനഞ്ചംഗ ടീമില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇടം നേടിയതാണ് ഹൈദരാബാദിന് അടിയായത്.

നീണ്ട കാലത്തെ വിലക്കിനുശേഷം ഓസ്ട്രേലിയന്‍ ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്തിയ ഡേവിഡും സ്മിത്തും ഐപിഎല്ലിലെ അവസാന മത്സരങ്ങളില്‍ കളിച്ചേക്കില്ല. ലോകകപ്പിനായുള്ള പതിനഞ്ചംഗ ടീമില്‍ ഇരുവരും ഇടം നേടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ലോകകപ്പിനു മുന്നോടിയായുള്ള ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ ഇരുവരും പങ്കെടുത്തേക്കും. അതുകൊണ്ട് തന്നെ, ഇരുവരും നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തെ വിലക്ക് ലഭിച്ച ഇരുവരും ആദ്യമായാണ് ദേശീയ ടീമിലെത്തുന്നത്.

ഐപിഎല്ലില്‍ വാര്‍ണര്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയും സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയുമാണ് കളിക്കുന്നത്. മെയ് 2നാണ് ഓസ്ട്രേലിയയുടെ ക്യാമ്പ് ബ്രിസ്ബെനില്‍ തുടങ്ങുന്നത്. ഈ ക്യാമ്പില്‍ 15 അംഗങ്ങളും പങ്കെടുക്കും. ഓസ്ട്രേലിയന്‍ ഇലവന്‍, ന്യൂസിലന്‍ഡ് ഇലവന്‍ തുടങ്ങിയ ടീമുകളുമായി സന്നാഹ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ണര്‍ ഐപിഎല്‍ വിട്ടാല്‍ ഹൈരദാബാദിന് വന്‍ നഷ്ടമാകും അത്. നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍.

ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമായി വാര്‍ണര്‍ 400 റണ്‍സ് നേടിയിട്ടുണ്ട്. ബെയര്‍സ്റ്റോവുമായുള്ള ഓപ്പണിങ് കൂട്ടുകെട്ട് ടീമിന് നിര്‍ണായകമാകാറുമുണ്ട്. അതുകൊണ്ടുതന്നെ വാര്‍ണര്‍ മടങ്ങിയാല്‍ ടീമിനത് കനത്ത തിരിച്ചടിയാകും. അതേസമയം, സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രകടനം നടത്താന്‍ ഈ സീസണില്‍ കഴിഞ്ഞിട്ടില്ല. സ്മിത്ത് പോയാലും രാജസ്ഥാന് അത് നികത്താവുന്ന താരങ്ങളുണ്ട്.

Top