ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 റണ്‍സെടുത്ത് ഇന്ത്യ ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. 66 റണ്‍സ് നേടിയ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

ബാറ്റിംഗ് തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ആയപ്പൊഴേക്കും ഓസ്‌ട്രേലിയയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ. 4 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ആദം സാമ്പയുടെ കൈകളിലെത്തിച്ചു. ഗില്‍ പുറത്തായെങ്കിലും ആക്രമണം തുടര്‍ന്ന രോഹിതിനൊപ്പം കോലിയും തുടര്‍ ബൗണ്ടറികള്‍ നേടിയതോടെ ഇന്ത്യ അനായാസം മുന്നോട്ടുപോയി. രണ്ടാം വിക്കറ്റില്‍ 46 റണ്‍സ് നീണ്ട കൂട്ടുകെട്ട് ഗ്ലെന്‍ മാക്‌സ്വല്‍ ആണ് തകര്‍ത്തത്. മാക്‌സ്വെലിനെതിരെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ട്രാവിസ് ഹെഡ് ഒരു അവിശ്വസനീയ ക്യാച്ചിലൂടെ മടക്കി. 31 പന്തുകള്‍ നേരിട്ട രോഹിത് 4 ബൗണ്ടറിയും, 3 സിക്‌സറും സഹിതം 47 റണ്‍സെടുത്താണ് പുറത്തായത്. രോഹിതിനു പിന്നാലെ ശ്രേയാസ് അയ്യരെ (4) കമ്മിന്‍സ് മടക്കി അയച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

നാലാം വിക്കറ്റില്‍ വിരാട് കോലിയും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ സാവധാനം മുന്നോട്ടുനയിച്ചു. 15 ഓവറോളം ബൗണ്ടറികള്‍ പിറക്കാതിരുന്ന ഈ കൂട്ടുകെട്ട് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്തു. ഇതിനിടെ കോലി ഈ ലോകകപ്പിലെ തന്റെ ആറാം ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കോലിയെ പുറത്താക്കിയ കമ്മിന്‍സ് ഇന്ത്യക്ക് വീണ്ടും പ്രഹരമേല്പിച്ചു. 54 റണ്‍സ് നേടിയ കോലി രാഹുലുമൊത്ത് നാലാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. സാമ്പയെ കൗണ്ടര്‍ ചെയ്യാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയ ജഡേജ (9) ഹേസല്‍വുഡിന്റെ പന്തില്‍ ജോഷ് ഇംഗ്ലിസിന്റെ കൈകളില്‍ അവസാനിച്ചു.

വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെടുമ്പോഴും ഉറച്ചുനിന്ന രാഹുല്‍ ഇതിനിടെ തന്റെ ഫിഫ്റ്റി തികച്ചു. സൂര്യകുമാറിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാഹുലും മടങ്ങി. രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഇംഗ്ലിസിന്റെ കൈകളില്‍ അവസാനിപ്പിക്കുകയായിരുന്നു. മുഹമ്മദ് ഷമിയെയും (6) സ്റ്റാര്‍ക്കിന്റെ പന്തില്‍ ഇംഗ്ലിസ് കൈപ്പിടിയിലൊതുക്കി. ജസ്പ്രീത് ബുംറയെ (1) ആദം സാമ്പ വിക്കറ്റിനു മുന്നില്‍ കുരുക്കി. അവസാന ഓവറുകളില്‍ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാര്‍ യാദവിനെ (18) ജോഷ് ഹേസല്‍വുഡ് ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ രണ്ടാം റണ്ണിനോടിയ കുല്‍ദീപ് യാദവ് (10) റണ്ണൗട്ടായി. മുഹമ്മദ് സിറാജ് (9) നോട്ടൗട്ടാണ്.

Top