പുതിയ വീടിന്റെ മച്ചിന്‍ മുകളില്‍ 57 പാമ്പിന്‍തോലുകള്‍; ഭയന്ന് വീട്ടുകാര്‍

പുതിയതായി വാങ്ങിയ വീടിന്റെ മച്ചിന് മുകളിൽ പാമ്പുണ്ടെന്ന് തോന്നിയതിനെ തുടർന്ന് പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തിയതതാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലുള്ള ഒരു കുടുംബം. എന്നാൽ മച്ചിന് മുകളിൽ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ പാമ്പുപിടുത്തക്കാരനെ വരെ ഞെട്ടിച്ചുകളഞ്ഞു. അൻപത്തി ഏഴ് പാമ്പിൻ തോലുകളാണ് റെയ്ദ് ന്യൂവൽ എന്ന പാമ്പുപിടുത്തക്കാരൻ മച്ചിൽ നിന്നും കണ്ടെടുത്തത്. പല വീടുകളുടെയും മച്ചിനു മുകളിൽ നിന്ന് മുൻപും പാമ്പിൻ തോലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം എണ്ണം ഒന്നിച്ചു കാണുന്നത് തന്റെ ആദ്യത്തെ അനുഭവമാണ് എന്ന് റെയ്ദ് വ്യക്തമാക്കി.

ആദ്യം പുറത്തെടുത്ത കുറച്ചു പാമ്പിൻ തോലുകളുടെ ചിത്രങ്ങൾ മാത്രമാണ് റെയ്ദ് പകർത്തിയിട്ടുള്ളത്. പാമ്പിൻ തോലുകൾ കൂട്ടമായി കണ്ടതോടെ ഉടമസ്ഥരും അമ്പരന്നു. ഇതേതുടർന്ന് വീടും പരിസരവും മുഴുവൻ പരിശോധിച്ചെങ്കിലും ജീവനോടെ ഒരു പാമ്പിനെയും പിടികൂടാൻ സാധിച്ചില്ല.

പല വിഭാഗത്തിൽപ്പെട്ട പാമ്പുകളുടെ തോലുകളാണ് മച്ചിൽ നിന്നും ലഭിച്ചത്. കാർപെറ്റ് പൈതണിന്റേത് മുതൽ സാധാരണ മരങ്ങളിൽ കാണുന്ന പാമ്പുകളുടെ തോലുകൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഒരേ പാമ്പ് ഒന്നിലധികം തവണ ഒരേ സ്ഥലത്തെത്തി പടം പൊഴിക്കാൻ സാധ്യതയുള്ളതിനാൽ പാമ്പുകളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ലെന്നും റെയ്ദ് പറയുന്നു.

മുൻപുണ്ടായിരുന്ന വീട്ടുടമസ്ഥർക്ക് കോഴിവളർത്തൽ ഉണ്ടായിരുന്നിരിക്കാമെന്നാണ് റെയ്ദിന്റെ നിഗമനം. എലികളും കോഴികളും ധാരാളം ഉണ്ടായിരുന്നതിനാലാവാം പാമ്പുകളും അധികമായി ഇവിടേക്കെത്തിയത്. താമസം തുടങ്ങും മുൻപ് പുതിയ ഉടമസ്ഥർ വീട് വൃത്തിയാക്കിയിരുന്നു. ആളനക്കം ഉണ്ടായപ്പോൾ പാമ്പുകൾ അവിടെനിന്നും നീങ്ങിയതിനാലാവണം ജീവനോടെ ഒന്നിനെയും കണ്ടെത്താനാവാത്തതെന്നും റെയ്ദ് വിശദീകരിച്ചു.

Top