ഇന്ത്യൻ പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

സിഡ്‌നി : അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചു. ഏകദിന, ടി-20 പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ആരോൺ ഫിഞ്ച് ആണ് ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിക്കുക. ആരോണ്‍ ഫിഞ്ച് ക്യാപ്റ്റനായിട്ടുള്ള 18 അം​ഗ സ്ക്വാഡിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാറ്റ് കമ്മിൻസ് വൈസ് ക്യാപ്റ്റൻ. ഓൾറൗണ്ടർ ഡാനിയൽ സാംസ് ടീമിൽ തുടരും. ഷോൺ അബ്ബോട്ട്, മാർനസ് ലബുഷെയ്ൻ ഗ്ലെൻ മാക്സ്‌വെൽ, ആഷ്ടൺ ആഗർ, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ തുടങ്ങിയവരൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യമായി ടീമിലേക്ക് വിളിയെത്തിയ ഓള്‍റൗണ്ടര്‍ കാമറോണ്‍ ​ഗ്രീനും മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന മോയിസസ് ഹെന്റിക്വസിമാണ് ടീമിലെ ശ്രദ്ധേകേന്ദ്രങ്ങള്‍. പരുക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരമായാണ് ഹെന്റിക്വസിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎൽ മത്സരത്തിനിടെ പരുക്കേറ്റ ഓപ്പണർ രോഹിത് ശർമ്മ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഹർദ്ദിക് പാണ്ഡ്യ ടി-20, ഏകദിന ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. നവദീപ് സെയ്നി, മായങ്ക് അഗർവാൾ, വരുൺ ചക്രവർത്തി തുടങ്ങിയവരും ടി-20 ടീമിൽ കളിക്കും. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക. എല്ലാ ഏകദിന മത്സരങ്ങളും സിഡ്നിയിലാണ് നടക്കുക. കാൻബറയിൽ ആദ്യ ടി-20 മത്സരം നടക്കും.

Top