ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം; ഷമി ഒന്നും, ബുംറ രണ്ടും വിക്കറ്റ് നേടി

അഹമ്മദാബാദ്: ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഷമി ഒന്നും, ബുംറ രണ്ടും വിക്കറ്റ് നേടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 10 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 60 റണ്‍സെന്ന നിലയിലാണ്.

പുതിയ പരീക്ഷണത്തിന്റെ ഭാഗമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ (7) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ഷമി ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവച്ചു. മൂന്നാം നമ്പറില്‍ മിച്ചല്‍ മാര്‍ഷ് ചില കൂറ്റന്‍ ഷോട്ടുകളടിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറയുടെ പന്തില്‍ കെഎല്‍ രാഹുല്‍ പിടികൂടി. നാലാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്തിനെ (4) ബുംറ വിക്കറ്റിനു മുന്നില്‍ കുടുക്കുകയും ചെയ്തു. നിരവധി തവണ ബീറ്റണായിട്ടും ഭാഗ്യം ഇല്ലാത്തതുകൊണ്ട് മാതമാണ് ഇന്ത്യക്ക് ഇതുവരെ ട്രാവിസ് ഹെഡിനെ വീഴ്ത്താന്‍ സാധിക്കാത്തത്. വൈഡുകള്‍, ബൈ റണ്‍സ് തുടങ്ങി ഇന്ത്യ ആകെ വഴങ്ങിയ 15 റണ്‍സ് എക്‌സ്ട്രാസും നിര്‍ണായകമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 റണ്‍സെടുത്ത് ഇന്ത്യ ഓള്‍ ഔട്ടായി. 66 റണ്‍സ് നേടിയ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. വിരാട് കോലി (54), രോഹിത് ശര്‍മ (47) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

Top