ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ലീഡ്

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ലീഡ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 383 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് വെറും 179 റണ്‍സിന് ഓള്‍ഔട്ടായി. 204 റണ്‍സുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസീസ് കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയിലാണ്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 217 റണ്‍സിന്റെ ലീഡാണ് ഓസ്ട്രേലിയയ്ക്കുള്ളത്.

നേരത്തെ കാമറൂണ്‍ ഗ്രീനിന്റെ സെഞ്ച്വറിത്തിളക്കത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. താരം പുറത്താകാതെ 174 റണ്‍സെടുത്തു. 23 ബൗണ്ടറിയും അഞ്ച് സിക്സുമടങ്ങുന്നതായിരുന്നു ഗ്രീനിന്റെ ഇന്നിങ്സ്. മിച്ചല്‍ മാര്‍ഷ് (40), സ്റ്റീവ് സ്മിത്ത് (31), ഉസ്മാന്‍ ഖവാജ (33), ജോഷ് ഹേസല്‍വുഡ് (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. കിവീസിന് വേണ്ടി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.43 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ടോം ബ്ലണ്ടല്ലും ഭേദപ്പെട്ട സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ മാത്രമാണ് (11) പിന്നീട് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുതാരം. ടോം ലഥാം (5), വില്‍ യങ് (9), കെയ്ന്‍ വില്ല്യംസണ്‍ (0), രച്ചിന്‍ രവീന്ദ്ര (0), സ്‌കോട്ട് കഗ്ഗലെയ്ന്‍ (0), ടിം സൗത്തി (1), വില്‍ ഒറൗര്‍ക്ക് (0*) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓസീസിന് വേണ്ടി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ പിഴുതു. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഓസീസിന്റെ 383 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. കിവിപ്പടയില്‍ ഗ്ലെന്‍ ഫിലിപ്സ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. 70 പന്തില്‍ 71 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്ത് മാറ്റ് ഹെന്റി നടത്തിയ പോരാട്ടമാണ് ന്യൂസിലന്‍ഡിനെ 150 കടത്തിയത്. 34 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ബൗണ്ടറിയുമടക്കം 42 റണ്‍സെടുത്ത താരം പത്താമനായാണ് മടങ്ങിയത്.രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്തിന്റെയും മാര്‍നസ് ലബുഷെയ്ന്റെയും വിക്കറ്റുകളാണ് ഇന്ന് നഷ്ടപ്പെട്ടത്. ഓപ്പണര്‍ സ്റ്റീവ് സ്മിത്തിനെ റണ്‍സൊന്നുമെടുക്കാന്‍ അനുവദിക്കാതെ ടിം സൗത്തി ബൗള്‍ഡാക്കി. രണ്ട് റണ്‍സ് മാത്രമെടുത്ത ലബുഷെയ്നെയും ടിം സൗത്തിയാണ് മടക്കിയത്. ടോം ബ്ലണ്ടലിനായിരുന്നു ക്യാച്ച്.

Top