കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഓസീസിന് കനത്ത പിഴ ചുമത്തി മാച്ച് റഫറി

മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റില്‍ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ കനത്ത പിഴയാണ് ഓസീസ് ടീമിന് ലഭിച്ചത്. മാച്ച് ഫീയുടെ 40 ശതമാനം പിഴയാണ് ഓസീസ് ടീമിന് മാച്ച് റഫറി വിധിച്ചത്. അതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റില്‍ നിന്ന് ഓസീസിന്‍റെ നാലു പോയന്‍റ് വെട്ടികുറക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റില്‍ ഇന്ത്യക്ക് മുന്നില്‍ ഒന്നാം സ്ഥാനത്താണ് ഓസീസ് ഇപ്പോള്‍. നിശ്ചിത സമയത്ത് ഓസ്ട്രേലിയ രണ്ടോവര്‍ കുറച്ച് എറിഞ്ഞതിനാണ് മാച്ച് റഫറിയും ഓസ്ട്രേലിയന്‍ മുന്‍ താരം കൂടിയായ ഡേവിഡ് ബൂണ്‍ ഓസീസിന് മാച്ച് ഫീയുടെ 40 ശതമാനം പിഴയായി വിധിച്ചത്. നിശ്ചിത സമയത്ത് പൂര്‍ത്തിയാവാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴ വിധിക്കുക.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റില്‍ നിന്ന് പൂര്‍ത്തിയാവാനുള്ള ഓരോ ഓവറിനും രണ്ട് പോയന്‍റ് വീതം കുറക്കുകയും ചെയ്യും. ഓസീസ് നായകന്‍ ടിം പെയ്ന്‍ പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് മാച്ച് റഫറി ഓസീസിന് പിഴ വിധിച്ചത്. നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ മെല്‍ബണില്‍ തിരിച്ചടിച്ച ഇന്ത്യ പരമ്പര സമനിലയാക്കുകയായിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജനുവരി ഏഴ് മുതല്‍ സിഡ്നിയില്‍ തുടങ്ങും.

Top