ആദ്യ ടി20-ൽ ഇന്ത്യയ്ക്ക് തോൽവി, ഓസീസ് ജയം 4 വിക്കറ്റിന്

മൊഹാലിയിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കേ മറികടന്നു. കാമറൂൺ ഗ്രീനിന്റെയും മാത്യു വെയ്ഡിന്റെയും തകർപ്പൻ ഇന്നിംഗ്സാണ് ഓസീസ് ജയം സമ്മാനിച്ചത്. വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി.

സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങാമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലി തകർത്തുള്ള ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഓപണർ കാമറൂൺ ഗ്രീനിന്റെ അർധ സെഞ്ച്വറി(30 ബോളിൽ 61) ഓസീസ് സ്കോറിംഗ് വേഗത്തിലാക്കി. പുറത്താകാതെ 45 റൺസെടുത്ത മാത്യു വെയ്ഡ് ഓസ്ട്രേലിയയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. സ്റ്റീവൻ സ്മിത്ത് 35 റൺസെടുത്തു. ഇന്ത്യയ്ക്കു വേണ്ടി അക്ഷർ പട്ടേൽ മൂന്നു വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒമ്പത് പന്തിൽ 11 റൺസെടുത്ത രോഹിത് ശർമ പുറത്തായി. വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനാകാതെ ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മടങ്ങി. കെ.എൽ രാഹുലും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 42 പന്തിൽ 68 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. ഇതിനിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയും കരിയറിലെ 18ാം ഫിഫ്റ്റിയും രാഹുൽ നേടി. 35 പന്തിൽ 55 റൺസെടുത്ത് രാഹുലും പുറത്തായി.

പിന്നാലെ 25 പന്തിൽ 46 റൺസെടുത്ത സൂര്യകുമാർ യാദവും പവലിയനിലേക്ക് മടങ്ങി. രണ്ട് ഫോറും നാല് സിക്‌സറും അടക്കമാണ് സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. അക്‌സർ പട്ടേലിനും (6 റൺസ്), ദിനേഷ് കാർത്തിക്കും (6 റൺസ്) കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ ഹർഷൽ പട്ടേലിനൊപ്പം ഹാർദിക് പാണ്ഡ്യ ടീം ഇന്ത്യയുടെ സ്‌കോർ 200 കടത്തി. അവസാന അഞ്ച് ഓവറിൽ ഇന്ത്യ നേടിയത് 67 റൺസ്. അവസാന ഓവറുകളിൽ കൊടുങ്കാറ്റായി മാറിയ ഹാർദിക് 20-ാം ഓവറിലെ അവസാന മൂന്ന് പന്തുകൾ സിക്സർ പറത്തി. ഏഴ് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിംഗ്‌സ്.

Top