മഴ വീണ്ടും പണിയായി, ചാമ്പ്യന്‍സ് ട്രോഫി ബംഗ്ലാദേശ്- ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചു

ലണ്ടന്‍: മഴ വീണ്ടും പണി തന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ്- ഓസ്‌ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 44.3 ഓവറില്‍ 182 റണ്‍സിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെടുത്തു നില്‍ക്കെ ശക്തമായ മഴ പെയ്യുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു. ഇരു ടീമും ഓരോ പോയിന്റു വീതം പങ്കുവച്ചു.

ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയക്ക് രണ്ടു പോയിന്റു മാത്രമാണ് ഉള്ളത്. കളി അവസാനിക്കുമ്പോള്‍ ഡേവിഡ് വാര്‍ണറും (40) ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തുമായിരുന്നു(22) ക്രീസില്‍. ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ 95 റണ്‍സ് നേടിയ തമീം ഇക്ബാലാണ് ടോപ് സ്‌കോറര്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയ തമീം ഇക്ബാല്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു.

എന്നാല്‍ തമീമിനു വേണ്ട പിന്തുണ നല്‍കാന്‍ മറ്റുള്ളവര്‍ക്കായില്ല. ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ മൂര്‍ച്ചയേറിയ ബൗളിംഗിനു മുന്നില്‍ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ കടപുഴകി വീണുകൊണ്ടിരുന്നു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക് നാല് വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിംഗ് കാഴ്ചവച്ചു.

Top