ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്താനെ 78 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ

മെല്‍ബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാകിസ്താനെ 78 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ. രണ്ടാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് പാകിസ്താനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക് നാല് വിക്കറ്റ് വീഴ്ത്തി. മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലും ഓസ്ട്രേലിയ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

317 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ മത്സരം ആവേശകരമാക്കി. ഷാന്‍ മസൂദ് 60ഉം ബാബര്‍ അസം 41ഉം സൗദ് ഷക്കീല്‍ 24ഉം മുഹമ്മദ് റിസ്വാന്‍ 35ഉം റണ്‍സെടുത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കി. പക്ഷേ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായി. അവസാന പ്രതീക്ഷയായിരുന്ന സല്‍മാന്‍ അലി ആഗ ഒമ്പതാമനായി പുറത്തായി. 50 റണ്‍സാണ് സല്‍മാന്‍ അലി നേടിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സ് നേടി. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്സ് മറുപടി 264ല്‍ അവസാനിച്ചു. 262 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ നേടിയത്. പാകിസ്താന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് 237 റണ്‍സില്‍ അവസാനിച്ചു.

മത്സരത്തിന്റെ നാലാം ദിനം ആറിന് 187 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരാംഭിച്ചത്. 53 റണ്‍സെടുത്ത അലക്‌സ് ക്യാരിയാണ് ഇന്ന് ഓസീസ് നിരയില്‍ തിളങ്ങിയത്. 262 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. പാകിസ്താന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദിയും മിര്‍ ഹംസയും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമീര്‍ ജമാലിനാണ് അവശേഷിച്ച രണ്ട് വിക്കറ്റുകള്‍. രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 316 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു.

Top