ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സിഡ്‌നി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ശക്തമായ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പേസര്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ പരിക്ക് മാറി ജോഷ് ഹേസല്‍വുഡ് ഇടംപിടിച്ചതും ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം കേട്ടിരുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇരിപ്പിടമുള്ളതുമാണ് ശ്രദ്ധേയം. ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ തുടങ്ങുക.

ഐപിഎല്‍ പതിനാറാം സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന ജോഷ് ഹേസല്‍വുഡിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് മാറി താരത്തിന് കളിക്കാനുള്ള അനുമതി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കല്‍ സംഘം നല്‍കി. ഹേസല്‍വുഡ് എത്തിയതോടെ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, മാത്യൂ റെന്‍ഷോ എന്നിവര്‍ സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ഹേസല്‍വുഡിന്റെ വരവോടെ പാറ്റ് കമ്മിന്‍സിന് പുറമെ, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട് എന്നീ നാല് പ്രധാന പേസര്‍മാരും സ്‌ക്വാഡിലെത്തി. ഇത് ഇന്ത്യന്‍ ടീമിന് വലിയ ഭീഷണിയുണ്ടാക്കുന്ന കാര്യമാണ്. ഈ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്കൊപ്പം പേസ് ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീന്‍ കൂടി ടീമിലുണ്ട്.

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്‌മിത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്, രവിചന്ദ്രന്‍ അശ്വന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍.

Top