മൂന്നാം ടെസ്റ്റ് മുതൽ ടീമിന് കരുത്ത് പകരാൻ മാത്യൂ ഹെയ്‌ഡന്റെ സേവനം ഓസീസ് തേടിയേക്കും

ദില്ലി: ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ തോറ്റ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി കൈവിട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഇനി വൈറ്റ് വാഷ് ഒഴിവാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ഇതിനായി മുന്‍ താരവും ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുമുള്ള മാത്യൂ ഹെയ്‌ഡന്റെ സഹായം ഓസീസ് ടീം തേടിയേക്കും. എന്നാല്‍ നിലവില്‍ പരമ്പരയിലെ കമന്‍റേറ്ററായതിനാല്‍ ഹെയ്‌ഡന്റെ സേവനം ഓസീസ് ടീമിന് ലഭ്യമാകുമോ എന്ന് ഉറപ്പില്ല.

ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുമ്പ് സിഡ‌്നിയിലും ബെംഗളൂരുവിലും വലിയ തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പാളിയ ഞെട്ടലിലാണ് ഓസ്‌ട്രേലിയന്‍ ടീം. ഇന്ത്യയിലെ സ്‌പിന്‍ പിച്ചുകളില്‍ രവിചന്ദ്രന്‍ അശ്വിനെ നേരിടാന്‍ ഡ്യൂപ്പിനെ ഇറക്കി പരിശീലിച്ചിട്ടും ഫലിച്ചില്ല. സ്വീപ്പ് ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ഓസീസ് താരങ്ങളെയാണ് ദില്ലി ടെസ്റ്റില്‍ കണ്ടത്. ഇതോടെ മാത്യൂ ഹെയ്‌ഡനെ ടീമില്‍ ഉപദേശകനായി ഉള്‍പ്പടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ഇപ്പോള്‍ പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സ്വീപ് ഷോട്ടുകള്‍ കളിച്ച് വലിയ പരിചയമുള്ളയാളാണ് ഹെയ്‌ഡന്‍. ഇന്ത്യയില്‍ ടെസ്റ്റില്‍ 51.33 ശരാശരിയില്‍ 1027 റണ്‍സ് താരത്തിനുണ്ട്. ദില്ലി ടെസ്റ്റിന് ശേഷം മാത്യൂ ഹെയ്‌ഡന്‍ സ്വീപ് ഷോട്ടുകള്‍ സംബന്ധിച്ച് ഓസീസ് ടീമിനൊരു ഉപദേശം നല്‍കിയിരുന്നു. എല്ലാ ബോളിലും സ്വീപ്പിന് ശ്രമിക്കരുത് എന്നായിരുന്നു ഹെയ്‌ഡന്റെ നിര്‍ദേശം.

ഇന്ത്യ-ഓസീസ് പരമ്പരയിലെ കമന്റേറ്ററായി നിലവില്‍ ഇന്ത്യയിലുണ്ട് മാത്യൂ ഹെയ്‌ഡന്‍. നേരത്തെ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്റെ ഉപദേശകനായി ഹെയ്‌ഡന്‍ പ്രവര്‍ത്തിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് മാത്രമാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കൂ എന്നതിനാല്‍ ഹെയ്‌ഡനെ ഓസീസ് ക്രിക്കറ്റ് ടീം പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Top