അഫ്ഗാനെ വീഴ്ത്തി ഓസീസ് സെമിയിൽ; ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ മാക്സ്‍വെലിന്റെ ഒറ്റയാൾ പോരാട്ടം

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് അവിസ്മരണീയ വിജയം. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച ഗ്ലെൻ മാക്സ്‍വെല്ലാണ് വിജയശില്പി. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഓസീസ് അഫ്ഗാനെ വീഴ്ത്തിയത് മൂന്നു വിക്കറ്റിനാണ്‌. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ ഏഴിന് 91 റൺസ് എന്ന നിലയിൽ തകർന്ന ഓസീസിന്, ഐതിഹാസിക പ്രകടനവുമായി കളംനിറ‍ഞ്ഞ ഗ്ലെൻ മാക്സ്‍വെലിന്റെ ഇരട്ടസെഞ്ചറിയാണ് അവിശ്വസനീയമായ വിജയം സമ്മാനിച്ചത്. 128 പന്തുകൾ നേരിട്ട മാക്സ്‌വെൽ 10 സിക്സും, 21 ഫോറും സഹിതം 201 റൺസുമായി പുറത്താകാതെ നിന്നു. ജയത്തോടെ ഓസ്ട്രേലിയ സെമി ബർ‌ത്ത് ഉറപ്പിച്ചു.

സ്കോർ: അഫ്ഗാനിസ്ഥാൻ – 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291. ഓസ്ട്രേലിയ 46.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ്.

പിരിയാത്ത എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം 170 പന്തിൽ 202 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് തീർത്താണ് മാക്സ്‍വെൽ ടീമിന് മിന്നും വിജയം സമ്മാനിച്ചത്. ഈ കൂട്ടുകെട്ടിൽ കമ്മിൻസിന്റെ സംഭാവന 68 പന്തിൽ ഒരേയൊരു ഫോർ സഹിതം 12 റൺസ് മാത്രം. മത്സരത്തിനിടെ ശക്തമായി അലട്ടിയ പുറംവേദനയും മസിലു കയറ്റവും അവഗണിച്ചാണ് മാക്സ്‍വെൽ ക്രീസിൽ ഉറച്ചുനിന്ന് ടീമിനെ വിജയത്തിലെത്തിച്ചത്. സിംഗിളുകൾ ഓടാനുള്ള ബുദ്ധിമുട്ടിനെത്തുടർന്ന് ബൗണ്ടറികൾ മാത്രം ശ്രദ്ധ പതിപ്പിച്ചായിരുന്നു മാക്സ്‍വെലിന്റെ ബാറ്റിങ്. ആകെ നേടിയ 201 റൺസിൽ 144 റൺസും മാക്സ്‍വെൽ കണ്ടെത്തിയത് ബൗണ്ടറിയിലൂടെത്തന്നെ! കളി തീരാൻ 19 പന്തുകൾ അവശേഷിക്കെയാണ് മാക്സ്‌വെൽ വിജയറൺ കുറിച്ചത്.

അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നിലയുറപ്പിക്കും മുൻപ് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ ഓപ്പണർ ട്രാവിസ് ഹെഡിനെ (0) ഇക്രം അലിഖിലിന്റെ കൈകളിലെത്തിച്ച് നവീനുൽ ഹഖാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ആറാം ഓവറിൽ സ്കോർ 43ൽ നിൽക്കേ മിച്ചൽ മാർഷ് (11 പന്തിൽ 24) പുറത്തായി. ഇത്തവണയും നവീനുൽ ഹഖാണ് വിക്കറ്റ് നേടിയത്. ഒൻപതാം ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ഡേവിഡ് വാർണറും (29 പന്തിൽ 18) ജോഷ് ഇംഗ്‌ലിസും (0) പുറത്തായി. മാർനസ് ലബുഷെയ്ൻ (28 പന്തിൽ 14), മാർക്കസ് സ്റ്റോയിനിസ് (ഏഴ് പന്തിൽ ആറ്), മിച്ചൽ സ്റ്റാർക്ക് (ഏഴ് പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി.

19–ാം ഓവറിൽ 7ന് 91 എന്ന നിലയിലേക്ക് ഓസീസ് തകർന്നു. ഇവിടെനിന്നാണ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ കൂട്ടുപിടിച്ച് മാക്സ്‌വെൽ ഇന്നിങ്സ് പടുത്തുയർത്തിയത്. ഇതിനിടെ കിട്ടിയ അവസരത്തിൽ മാക്സ്‌വെല്ലിനെ അഫ്ഗാൻ ഫീൽഡർ വിട്ടുകളഞ്ഞതിന് നൽകേണ്ടിവന്നത് കനത്ത വിലയാണ്. ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് മാക്സ്‌വെൽ കുറിച്ചത്. അഫ്ഗാനിസ്ഥാനു വേണ്ടി നവീനുൽ ഹഖ്, അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റു വീതം നേടി.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 291 റൺസെടുത്തത്. ഇബ്രാഹിം സദ്രാന്റെ സെഞ്ചറിക്കരുത്തിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 143 പന്തുകൾ നേരിട്ട സദ്രാൻ 129 റൺസെടുത്തു പുറത്താകാതെനിന്നു. 131 പന്തുകളിൽനിന്നാണ് സദ്രാൻ സെഞ്ചറി തികച്ചത്. ലോകകപ്പിൽ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.

അവസാന ഓവറുകളിൽ തകർത്തടിച്ച് റാഷിദ് ഖാൻ കാമിയോ റോളും ഗംഭീരമാക്കി. 18 പന്തുകൾ മാത്രം നേരിട്ട റാഷിദ് മൂന്ന് സിക്സുകളടക്കം പറത്തി നേടിയത് 35 റൺസ്. റഹ്മത് ഷാ (44 പന്തിൽ 30), ഹഷ്മത്തുല്ല ഷാഹിദി (43 പന്തിൽ 26), അസ്മത്തുല്ല ഒമർസായ് (18 പന്തിൽ 22), റഹ്മാനുല്ല ഗുർബാസ് (25 പന്തിൽ 21), മുഹമ്മദ് നബി (10 പന്തിൽ 12) എന്നിങ്ങനെയാണ് മറ്റ് അഫ്ഗാൻ താരങ്ങളുടെ സ്കോറുകൾ. ഓസീസിനായി ജോഷ് ഹെയ്സ‍ൽവുഡ് രണ്ടു വിക്കറ്റു വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്‍വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. മത്സരത്തിൽ പരാജയപ്പെട്ടതോടെ അഫ്ഗാന്റെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു.

Top