രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരച്ച് ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ്. 31ആം വയസിലാണ് താരത്തിന്റെ തീരുമാനം. 13 വര്‍ഷം ക്രിക്കറ്റ് ജഴ്‌സിയണിഞ്ഞ താരം ഓസ്‌ട്രേലിയക്കായി 182 മത്സരങ്ങള്‍ കളിച്ചു. കരിയറില്‍ 241 മത്സരങ്ങള്‍ കളിച്ച താരം വിമന്‍സ് ബിബിഎലില്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിന്റെയും വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റന്റെയും താരമാണ്. ഫ്രാഞ്ചൈസി കരിയറില്‍ താരം തുടരും.

2010ല്‍, 18ആം വയസിലാണ് ലാനിങ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2014ല്‍ ഓസീസ് ക്യാപ്റ്റനായി. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് ലാനിങ്. നാല് ടി-20 ലോകകപ്പ്, ഒരു ഏകദിന ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ എന്നീ നേട്ടങ്ങള്‍ ലാനിങിന്റെ നായകത്വത്തില്‍ ഓസ്‌ട്രേലിയ നേടി.കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം ലാനിങ് ക്രിക്കറ്റില്‍ നിന്ന് 6 മാസത്തെ ഇടവേളയെടുത്തിരുന്നു. ഇതോടെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഇന്ത്യ പര്യടനത്തിലൊന്നും താരം ഭാഗമായില്ല. വിക്കറ്റ് കീപ്പര്‍ അലിസ ഹീലിയായിരുന്നു ഇടക്കാല ക്യാപ്റ്റന്‍.

രാജ്യാന്തര കരിയറില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെങ്കിലും കൃത്യമായ തീരുമാനമാണെന്ന് ലാനിങ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ടീമിനൊപ്പം നേടിയ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും വിക്ടോറിയ ക്രിക്കറ്റിനും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കും ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു എന്നും താരം പറഞ്ഞു.

Top