ദുരന്തമായി പോളാര്‍ യാത്ര; മൺ തിട്ടയിലിടിച്ച് കപ്പല്‍, കടലില്‍ കുടുങ്ങി ഇരുനൂറോളം യാത്രക്കാര്‍

ഗ്രീന്‍ലാന്‍ഡ്: വന്‍ തുക ചെലവിട്ട് ടിക്കറ്റ് എടുത്ത ആഡംബര കപ്പലിലെ ഉല്ലാസയാത്ര ദുരിതമായി. മണല്‍ തിട്ടയിലിടിച്ച് കപ്പല്‍ നിന്നു കടലില്‍ കുടുങ്ങി ഇരുനൂറോളം യാത്രക്കാര്‍. ആര്‍ട്ടിക്കിലാണ് ആഡംബര കപ്പല്‍ കുടുങ്ങിയിട്ടുള്ളത്. അറോറ എക്സപ്ലോറേഷന്റെ ആഡംബര പോളാര്‍ യാത്രാ കപ്പലാണ് ഗ്രീന്‍ലാന്‍ഡിന് സമീപം മണല്‍ തിട്ടയില്‍ ഉറച്ചത്. കപ്പലിന് തനിയെ നീക്കാനാവാത്ത സ്ഥിതിയിലാണ് കപ്പല്‍ നിലവിലുള്ളതെന്നതിനാല്‍ കടലില്‍ കുടുങ്ങിയ അവസ്ഥയിലാണ് യാത്രക്കാരുള്ളത്. സെപ്തംബര്‍ 11 തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് കപ്പല്‍ കടലില്‍ കുടുങ്ങിയത്. മഞ്ഞ് പാളികളെ വരെ അനായാസം ഉടച്ച് മുന്നോട്ട് പോവാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിച്ച കപ്പലാണ് അപ്രതീക്ഷിത കെണിയില്‍ കുടുങ്ങിയത്.

അറോറ എക്സ്പെഡീഷന്റെ 104 മീറ്റര്‍ വലിപ്പമുള്ള വമ്പന്‍ ആഡംബര കപ്പലാണ് സഹായം കിട്ടാനായി കാത്ത് കിടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സെപ്തംബര്‍ 15 വരെ സഹായം ലഭിക്കുന്ന സാഹചര്യമല്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. 206 യാത്രക്കാരാണ് നിലവില്‍ കപ്പലിലുള്ളത്. അറോറ എക്സ്പെഡീഷന്റെ പോളാര്‍ യാത്രകള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ടിക്കറ്റൊന്നിന് ഏകദേശം 2737729 രൂപയോളമാണ് കമ്പനി ഈടാക്കുന്നത്. 11 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആശങ്കയ്ക്ക് വകയുള്ളതാണ് നിലവിലെ കാലാവസ്ഥയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

എന്നാല്‍ കപ്പലിലെ യാത്രക്കാരുടെ ജീവന് ആപത്തുണ്ടാവുന്ന സാഹചര്യമല്ലെന്നും കപ്പല്‍ കമ്പനി വിശദമാക്കുന്നു. ഓഷ്യന്‍ എക്സ്പോളര്‍ എന്ന കപ്പലിനോട് ഏറ്റവുമടുത്തുള്ള റെസ്ക്യൂ കപ്പലുള്ളത് 1200 നോട്ടിക്കല്‍ മൈല്‍ അകലെയാണ്. വെള്ളിയാഴ്ച രാവിലത്തേക്ക് കപ്പലിന് അടുത്തേക്ക് ഈ റെസ്ക്യൂ കപ്പലിന് എത്താനാവുമെന്നാണ് വിലയിരുത്തല്‍. മഞ്ഞ് പാളികളെ ഉടച്ച് കൊണ്ട് മുന്നേറുന്ന നിലയിലുള്ള കപ്പലാണ് അപ്രതീക്ഷിതമായുണ്ടായ മണല്‍തിട്ടയില്‍ ഉറച്ച് പോയത്. 2021 ലാണ് ഓഷ്യന്‍ എക്സ്പോളര്‍ നിര്‍മ്മാണം ചെയ്ത് കമ്മീഷന്‍ ചെയ്തത്. 134 യാത്രക്കാരെ വരെയാണ് കപ്പലിന്റെ കപ്പാസിറ്റി.

ഭൂമിയുടെ വളരെ റിമോട്ടായ സ്ഥലങ്ങളിലേക്കുള്ള അപൂര്‍വ്വ യാത്രയെന്നാണ് പോളാര്‍ യാത്രയെ അറോറ വിശേഷിപ്പിക്കുന്നത്. കൊവിഡ് 19 മഹാമാരിക്ക് പിന്നാലെ അടുത്തിടെയാണ് പോളാര്‍ യാത്ര പ്രചാരം നേടിയത്. നിലവിലെ വെല്ലുവിളികള്‍ക്കിടയിലും അടുത്ത് യാത്രയ്ക്കായി ബുക്കിംഗിന് ആളുകള്‍ എത്തുന്നതായാണ് അറോറ എക്സ്പെഡീഷന്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഏറ്റവും വേഗം യാത്രക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കാനാവുമെന്ന പ്രതീക്ഷയും അറോറ പങ്കുവയ്ക്കുന്നു.

Top