സ്ഥിരമായി ട്രെയിനിൽ സഞ്ചരിച്ച് മോഷണം നടത്തിയിരുന്ന യുവതി പൊലീസ് പിടിയിൽ

arrest

ഔറംഗബാദ്: ഔറംഗബാദിൽ നിന്ന് മുംബൈയിലേക്ക് സ്ഥിരമായി ട്രെയിനിൽ സഞ്ചരിച്ച് യാത്രക്കാരുടെ മാലയും, ബാഗും മോഷ്ടിച്ചിരുന്ന മുപ്പതുകാരിയായ യുവതി പൊലീസ് പിടിയിൽ.

സെപ്തംബർ പതിമൂന്നിന് കല്യാൺ ബൗണ്ട് ലോക്കൽ ട്രെയിനിൽ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

നീറ്റാ നിതിൻ ഇംഗ്ൾ എന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്.

റായിഗഢ് സ്വദേശി ആര്‍തി ഹിറ്റേന്ദ്ര പർമാറിന്റെ മങ്കൽസൂത്ര സെപ്തംബർ പതിമൂന്നിന് കല്യാൺ ബൗണ്ട് ലോക്കൽ ട്രെയിനിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. തുടർന്ന് ഇവർ കുർള ഗവൺമെന്റ് റെയിൽവേ പൊലീസിൽ പരാതി നൽകി.

തന്റെ പുറകിൽ നിന്നിരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്നും അതിന് ശേഷം അവരെ കാണാതായെന്നും പരാതിയിൽ ആര്‍തി ഹിറ്റേന്ദ്ര വ്യക്തമാക്കി.

പരാതിയെ തുടർന്ന് കുർളയ്ക്കും കല്യാണിനും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

പരാതിയിൽ വ്യക്തമാക്കിയ പ്രതിയെ പോലുള്ള ഒരു വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടായിരുന്നുവെന്നും ഇൻസ്പെക്ടർ അശോക് ഹോദ്കർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രതി നീറ്റാ നിതിൻ ഇംഗ്ൾ എന്ന യുവതിയാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസമായി ഇവർ മോഷണം നടത്തിയ സ്റ്റേഷനുകളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.

ശനിയാഴ്ച കുർളയിൽ നിന്ന് ഡോംബിവ്ലിയിലേക്കുള്ള ലോക്കൽ ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

ഔറംഗബാദിൽ താമസിക്കുന്ന നീറ്റാ നിതിൻ നാല് കുട്ടികളുടെ അമ്മയാണ്. ഇവർ എന്നും ഔറംഗാബാദിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യുകയും കുർള, ബാന്ദ്ര എന്നിവിടങ്ങളിൽ നിന്ന് വരുന്ന ലോക്കൽ ട്രെയിനുകളിൽ മോഷണം നടത്തി രാത്രി തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്നതായിരുന്നു പതിവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷമായി വാഡല, കല്യാൺ, ബൊറിവില്ലി, അന്ധേരി, വിജയവാഡ, നാസിക്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ട്രെയിനുകളിൽ നീറ്റാ നിതിൻ മോഷണം നടത്തിയിട്ടുണ്ട്.

10 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, ഒരു മൊബൈൽ ഫോണും ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Top