മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് ആങ് സാന്‍ സൂചി.

മ്യാന്‍മര്‍: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്നാരോപിച്ച് രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച മ്യാന്‍മര്‍ കോടതി നടപടിയെ പിന്തുണച്ച് ആങ് സാന്‍ സൂചി. റോയിട്ടേഴ്‌സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍ (32), ക്യാസോവൂ (28) എന്നിവരെയാണ് മ്യാന്‍മര്‍ കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചത്. റോഹിങ്ക്യകള്‍ക്കെതിരെ റാഖൈയിനില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി ഏഴുവര്‍ഷം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്തത്.

മാധ്യമപ്രവര്‍ത്തകരായതുകൊണ്ടല്ല, രാജ്യത്തിന്റെ സുപ്രധാന രേഖകള്‍ ചോര്‍ത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അവരെ ജയിലിലടച്ചതെന്ന് സൂചി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോഹിങ്ക്യന്‍ നരഹത്യയെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കഴിഞ്ഞ ഡിസംബറിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നുംതന്നെ കോടതി വിധിയിലില്ല, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് കോടതി ശിക്ഷിച്ചതെന്ന് സൂചി പറഞ്ഞു. കേസില്‍ വിചാരണ നടന്നത് തുറന്ന കോടതിയിലാണ്, എല്ലാവര്‍ക്കും അവിടെ പോകാനും വിചാരണ നിരീക്ഷിക്കാനും അവസരമുണ്ടായിരുന്നു, എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാവുന്നതാണെന്നും സൂചി വ്യക്തമാക്കി.

തെറ്റ് ചെയ്തിട്ടില്ലെന്നും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങ്ങാണ് നടത്തിയതെന്നും പശ്ചാത്താപം തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Top