മില്‍മയില്‍ പാലെത്തിച്ചതില്‍ ക്രമക്കേടെന്ന് ഓഡിറ്റിങ്ങ് റിപ്പോര്‍ട്ട്; അമിത നിരക്കില്‍ കരാര്‍; അധികം ദൂരം സഞ്ചരിച്ചെന്നും രേഖ

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും പാലുകൊണ്ടുവന്നതില്‍ ക്രമക്കേടെന്ന്് ഓഡിറ്റ് റിപ്പോര്‍ട്ട്. മാഹാരാഷ്ട്രയിലെ ഇന്ദാപൂരില്‍ നിന്നും പാല്‍കൊണ്ടുവരാന്‍ ഓം സായി ലോജിസ്റ്റിക് എന്ന കമ്പനിക്ക് അമിത നിരക്കില്‍ കരാര്‍ നല്‍കിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. പാല്‍ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. കൊല്ലത്തെ പ്ലാന്റില്‍ പാലെത്തിച്ച വകയിലും ഓംസായി ലോജിസ്റ്റിക്‌സ് നഷ്ടമുണ്ടാക്കിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടം വന്ന പണം കരാറുകാരില്‍ നിന്നും തിരിച്ചു പിടിക്കാന്‍ ഓഡിററ് വിഭാഗം ശുപാര്‍ശ ചെയ്തു.

ഓം സായി ലൊജസ്റ്റിക് എന്ന സ്ഥാപനത്തിനാണ് പാലെത്തിക്കാനുള്ള കരാര്‍ നല്‍കിയത്. ടെണ്ടര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയത്. ഓഡിറ്റിംഗ് സമയത്ത് ടെണ്ടറോ കരാര്‍ രേഖയോ നല്‍കിയതുമില്ല. തിരുവനന്തപുരം മുതല്‍ ആലപ്പുഴ നീളുന്ന തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ്. മഹാരാഷ്ട്രയിലെ സ്ഥാപനത്തില്‍ നിന്നും തിരുവനന്തപുരം ഡയറിയിലേക്ക് ദേശീയപാത-44 വഴി സഞ്ചരിച്ചാല്‍ ഗൂഗിള്‍ മാപ്പ് പ്രകാരം ദൂരം 1481. പക്ഷെ 3066 കിലോമീറ്റര്‍ യാത്ര ചെയ്തതായി രേഖയുണ്ടാക്കി കരാറുകാരന്‍ അധികം തുക വാങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.

കൊല്ലത്തെ ഡയറിയിലേക്ക് മാണ്ഡ്യയില്‍ നിന്നും പാലെത്തിക്കാന്‍ കരാറുകാരന്‍ ഏറ്റെടുത്തത് കിലോ മീറററിന് 52.09 രൂപയ്ക്ക്. മലബാര്‍ മേഖലയിലും പാലത്തിക്കാന്‍ മറ്റൊരു കരാര്‍ വാഹനത്തിന് നല്‍കിത് കിലോമീറ്റര്‍ 52.09 രൂപ. പക്ഷെ തിരുവനന്തപുരത്തെ ഡയറിയിലേക്ക് ഓം സായി ലൊജിസ്റ്റിക് എന്ന സ്ഥാപനത്തിന് നല്‍കിയ കിലോ മീറ്ററിന് 60 രൂപ. അങ്ങനെ അധികമോടിയും, ടെണ്ടറില്ലാതെ ഉയര്‍ന്ന തുക നിശ്ചയിച്ചും തിരുവനന്തപുരം മേഖലയ്ക്കുണ്ടായ നഷ്ടം 46,18,920.10 രൂപ. ഈ തുക ഓം സായി ലൊജിസ്റ്റിക്കില്‍ നിന്നും ഈടാക്കണമെന്നാണ് ഓഡിറ്റിലെ നിര്‍ദേശം. അധിക നിരക്കും അമിത ഓട്ടവും കാരണം നഷ്ടം 43 02 648 രൂപ. ഇതും തിരികെ പിടിക്കാനാണ് നിര്‍ദേശം.

Top