തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ്; സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി

kerala hc

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നിര്‍ത്തിവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഓഡിറ്റ് നിര്‍ത്തി വെയ്ക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും ആണെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടെ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. ഓഡിറ്റിംഗ് നടന്നാല്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ട അഴിമതി പുറത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഈ അഴിമതി മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ഓഡിറ്റിംഗ് നിര്‍ത്തിവച്ചത്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ മാര്‍ഗരേഖ കിട്ടിയില്ല എന്നത് തെറ്റായ വാദമാണെന്നും ഉടന്‍ ഓഡിറ്റ് പുനരാരംഭിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Top