പ്രളയ ദുരിതാശ്വാസ നിധിയിലെ പണം ഓഡിറ്റ് ചെയ്യാന്‍ ധനവകുപ്പ് ഉത്തരവ്

pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുക ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് കമ്പനിയായ വര്‍മ ആന്‍ഡ് വര്‍മ കമ്പനിയെ ചുമതലപ്പെടുത്തി. ധനവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇതുവരെയുള്ള വരവും ചെലവും വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്പനിയെ ഏല്‍പ്പിക്കാനാണ് തീരുമാനം.

സാധാരണ അക്കൗണ്ടന്റ് ജനറലാണ് ദുരിതാശ്വാസ നിധിയിലെ വരവും ചെലവും ഓഡിറ്റ് ചെയ്യാറുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നതടക്കമുള്ള ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇതുവരെ 1600 കോടിയോളം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത്. പ്രളയ ദുരിതാശ്വാസത്തിന് എത്തുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ട്രഷറി അക്കൗണ്ട് ആരംഭിക്കാന്‍ ധനവകുപ്പ് നേരത്തേ തീരുമാനിക്കുകയും പിന്നീട് ഇത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ നേരിടാന്‍ വേണ്ടിക്കൂടിയാണ് വരവും ചെലവും കുറ്റമറ്റതാക്കാന്‍ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നത്.

Top