‘മാമാങ്ക’ത്തിനെതിരെ നടന്ന ഗൂഢാലോചന വെളിപ്പെടുത്തുന്ന ഓഡിയോ പുറത്ത് . . .

കൊച്ചി : മാമാങ്കം സിനിമക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തിന്റെ അടിവേര് കണ്ടെത്തി പൊലീസ്.

വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ മാമാങ്കത്തെ ഡീഗ്രേഡ് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന യുവാവിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാളുടെ ഫോണ്‍ നമ്പറും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ നമ്പര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കാള്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതോടെ ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഈ യുവാവ് നിര്‍ദ്ദേശം നല്‍കിയത്. ഗ്രൂപ്പിലെ അംഗങ്ങള്‍ തന്നെയാണ് ചോര്‍ത്തി നല്‍കിയത്. മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമയെ ഡീ ഗ്രേഡ് ചെയ്തതിന് പ്രതികാരമായി മാമാങ്കത്തെ ഡീ ഗ്രേഡ് ചെയ്യുമെന്നാണ് സിനിമ റിലീസിന് മുന്‍പ് തന്നെ ഇയാള്‍ പറയുന്നത്. ഈ സംഭാഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് തന്നെ ഡീഗ്രേഡിനെ തള്ളി പരസ്യമായി രംഗത്ത് വന്നിരുന്നത്.

മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പില്‍ പ്രചരിച്ച ഡീഗ്രേഡ് സന്ദേശം ലാല്‍ ആരാധകരെ തെറ്റിധരിപ്പിച്ച് ഉപയോഗപ്പെടുത്താനായിരുന്നു എന്ന് പൊലീസിനും ബോധ്യമായിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ തന്നെയാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളാട് അതൃപ്തി അറിയിച്ചിരിക്കുന്നത്.

മാമാങ്കം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനെതിരായ കേസിനൊപ്പം തന്നെയാണ് വ്യാജ പ്രചരണത്തെകുറിച്ചും അന്വേഷിക്കുന്നത്. വ്യാജ പതിപ്പ് പ്രചരിപ്പിച്ച ഐ.പി. അഡ്രസ്സും ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top