മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചു;അഭിഭാഷകയുടെ ആത്മഹത്യയില്‍ ശബ്ദ രേഖ പുറത്ത്

കൊല്ലം പരവൂരില്‍ ആത്മഹത്യ ചെയ്ത അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ശബ്ദരേഖ പുറത്ത്. ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്നും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് അനീഷ്യ പറയുന്നത്. ഇന്നലെയാണ് അനീഷ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത തൊഴില്‍ പീഡനത്തില്‍ മനംനൊന്താണ് എസ്. അനീഷ്യ തൂങ്ങി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒരു തെറ്റും ചെയ്യാത്ത തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘര്‍ഷം താന്‍ അനുഭവിക്കുന്നുണ്ടെന്നും ശബ്ദസന്ദേശത്തില്‍ അനീഷ്യ പറയുന്നുണ്ട്. ഒരാളെ കോടതിയില്‍ വരാതെ മുങ്ങാന്‍ സഹായം ചെയ്ത് കൊടുക്കാത്തതിന്റെ പേരിലാണ് താന്‍ സമ്മര്‍ദം അനുഭവിക്കുന്നതെന്ന് അനീഷ്യ പറയുന്നതായി പുറത്തുവന്ന ശബ്ദസന്ദേശത്തിലുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിയില്‍ അനീഷ്യ തൂങ്ങി മരിച്ചത്. ആത്മഹത്യയ്ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പെഴുതിയും സ്റ്റാറ്റസ് അനീഷ്യ ഇട്ടിരുന്നു. തൊഴിലിടത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് അനീഷ്യ സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരവധി തവണ അനീഷ്യ വിളിച്ചറിയിച്ചിരുന്നു.

ഒമ്പത് വര്‍ഷമായി പരവൂര്‍ കോടതിയില്‍ എ പി പിയായി ജോലി ചെയ്യുന്ന അനീഷ്യയ്ക്ക് ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മര്‍ദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡയറി പരവൂര്‍ പൊലീസിന് കിട്ടി.മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജ് അജിത്ത്കുമാറാണ് അനീഷ്യയുടെ ഭര്‍ത്താവ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനീഷ്യയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.

Top