ആ ശബ്ദരേഖ തന്റേത്; എന്നാല്‍ പ്രചരിപ്പിച്ച സന്ദേശം വളച്ചൊടിച്ചതെന്ന് നാസില്‍

തൃശൂര്‍: പുറത്തുവന്നിരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ കേസ് നല്‍കിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള. അടുത്ത സുഹൃത്തായ കബീര്‍ എന്നയാള്‍ക്ക് അയച്ച സന്ദേശമാണത്. എന്നാല്‍ അതില്‍ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. ശബ്ദസന്ദേശം വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്നും നാസില്‍ പറഞ്ഞു.

തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളും വച്ച് ഒരാളില്‍നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാന്‍ സുഹൃത്തിനോട് തുക ആവശ്യപ്പെട്ടതിന്റെ ശബ്ദസന്ദേശമാണ് ഇപ്പോള്‍ തനിക്കെതിരായി പ്രചരിക്കുന്നതെന്ന് നാസില്‍ പറഞ്ഞു.

തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ അജ്മാനിലെ നാസില്‍ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്‌സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.ഇയാളുടെ പേര് സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഇരുപതോളം ശബ്ദരേഖകളാണ് ഇന്നലെ രാത്രി മാധ്യമങ്ങള്‍ക്കു ലഭിച്ചത്.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

Top