ഔഡി ഇന്ത്യയിലെ എസ്‌യുവി നിര്‍മ്മാണം വീണ്ടും ആരംഭിക്കും!

ര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി എസ്യുവി ശ്രേണിയിലുള്ള വാഹനങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔഡിയുടെ ക്യു 5, ക്യൂ 7 തുടങ്ങിയ മോഡലുകളുടെ നിര്‍മ്മാണമായിരിക്കും ഉടന്‍ തുടങ്ങുന്നത്. ജനപ്രിയമായ ക്യു 5, ക്യൂ 7, ക്യു 3 ഉള്‍പ്പെടെയുള്ള എസ്.യു.വി-കളുടെ നിര്‍മ്മാണവും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടന്ന് ഔഡി ഇന്ത്യയുടെ തലവന്‍ ബല്‍ബീര്‍ ദില്ലന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മെര്‍സിഡീസ് ബെന്‍സിന്റെയും ബിഎംഡബ്ല്യുവിന്റെയും കടുത്ത മത്സരം ഓഡിയുടെ വിപണിയെ ബാധിച്ചിരുന്നു. 10,000 യൂണിറ്റുകളുടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയില്‍ നിന്ന്, ഓഡിയുടെ ഇന്ത്യയിലെ വില്‍പ്പന ആയിരക്കണക്കിന് യൂണിറ്റുകളായി ചുരുങ്ങിയിരുന്നു. ഇന്ത്യയില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ ഒരു പുതിയ ബിസിനസ്സ് പ്ലാന്‍ കമ്പനി തയ്യാറാക്കിയിട്ടുണ്ടന്ന് ബല്‍ബീര്‍ ദില്ലന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ലോകത്തുടനീളമുള്ള വാഹന വിപണിയില്‍ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഈ പതിറ്റാണ്ട് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കു പകരം നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ഇലക്ട്രിക് കരുത്തിലുള്ള വാഹനത്തിന്റെ നിര്‍മാണത്തിലേക്ക് മാറുകയാണ്. വോള്‍വോ, ലാന്‍ഡ് റോവര്‍ തുടങ്ങിയ മുന്തിയ ഇനം വാഹനങ്ങളുടെ ഇലക്ട്രിക് പ്രഖ്യാപനത്തിന് പിന്നാലെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുകയാണ് ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഓഡിയും. 2026-ഓടെ പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലേക്ക് മാറുമെന്നാണ് ഓഡി നേരത്തെ അറിയിച്ചിരുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. 2026-ന് ശേഷം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലുള്ള പുതിയ മോഡലുകള്‍ ഓഡി അവതരിപ്പിക്കില്ലന്നും വാര്‍ത്തയുണ്ട്. ഓഡിയുടെ ഗ്രീന്‍ കാറുകളുടെ ഇ-ട്രോണ്‍ ശ്രേണിക്ക് ഒരു കോടി രൂപയിലധികം വിലവരും.

അതേസമയം ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഔഡി ഇന്ത്യ രംഗത്തെത്തിയിരുന്നു. 40 ശതമാനമായി നികുതിയില്‍ കുറവ് വരുത്തണമെന്നാണ് ഔഡിയുടെ ആവശ്യം. നികുതിയില്‍ കുറവ് വന്നാല്‍ വിലയില്‍ നല്ല രീതിയില്‍ മാറ്റം വരുമെന്നാണ് കമ്പനിയുടെ വാദം.

Top