Q4 ഇ-ട്രോൺ മോഡലുകളുടെ ടീസർ പങ്കുവെച്ച് ഔഡി

ഢംബര ഇലക്‌ട്രിക് വാഹന ശ്രേണി കീഴടക്കാൻ പുതിയ മോഡലുകളുമായി എത്തുകയാണ് ജർമൻ പ്രീമിയം കാർ നിർമാതാക്കളായ ഔഡി. അതിന്റെ ഭാഗമായി ഏപ്രിൽ 14-ന് Q4 ഇ-ട്രോൺ, Q4 ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ അരങ്ങേറ്റം കുറിക്കും.

ഇ-ട്രോൺ ഓൾ-ഇലക്ട്രിക് നിര വികസിപ്പിക്കുകയാണ് ഔഡിയുടെ പ്രധാന ലക്ഷ്യം. അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി രണ്ട് മോഡലുകളുടെയും പുതിയ ടീസർ ചിത്രങ്ങൾ പുറത്തു് വിട്ടു.

ഡിജിറ്റൽ ഇവന്റിലൂടെയായിരിക്കും എസ്‌യുവികളെ ബ്രാൻഡ് ലോകത്തിന് പരിചയപ്പെടുത്തുക. ഔഡിയുടെ ഇ-ട്രോൺ ശ്രേണിയിലെ നാലാമത്തെ ഉൽ‌പ്പന്നമാണിത്. ഇ-ട്രോൺ, ഇ-ട്രോൺ സ്പോർ‌ട്ട്ബാക്ക്, ഇ-ട്രോൺ ജിടി എന്നിവയാണ് മറ്റ് മോഡലുകൾ.

ഓൾ-ഇലക്ട്രിക് Q4 ഇ-ട്രോൺ എസ്‌യുവിയുടെ ഉത്പാദനം കഴിഞ്ഞ മാസം ഫോക്‌സ്‌വാഗന്റെ സ്വിക്കാവോ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഫോക്‌സ്‌വാഗൺ ID.4 മോഡലിന്റെ അതേ ഉത്പാദന നിരയിൽ നിന്നാണ് പുതിയ വേരിയന്റുകളും തയാറാക്കുന്നത്.

Q4 ഇ-ട്രോൺ മോഡലുകൾ ഫോക്‌സ്‌വാഗൺ നിർമിത മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സിനെ (MEB) അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കഴിഞ്ഞ വർഷം പുറത്തിറക്കിയ മെർസിഡീസ് ബെൻസ് EQC, ജാഗ്വർ ഐ-പേസും അരങ്ങുവാഴുന്ന ശ്രേണിയിൽ ഇ-ട്രോണിനും തന്റേതായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ വിശ്വാസം.

 

Top