audi q2 – utility vehicle

എസ്.യു.വികള്‍ ഇന്ത്യയില്‍ നേടുന്ന മികച്ച ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍, യുവ മനസുകള്‍ക്കായി ഔഡി അവതരിപ്പിക്കുന്ന കുഞ്ഞന്‍ സ്‌പോര്‍ട്എസ് യൂട്ടിലിറ്റി വാഹനമാണ് ക്യൂ 2.

സ്‌പോര്‍ട്ടീ ടച്ചുള്ള ലുക്കും ഉന്നത സാങ്കേതികവിദ്യയും മികവാക്കിയാണ് ഈ എന്‍ട്രി ലെവല്‍ എസ്.യു.വി വിപണിയിലേക്ക് ചുവടു വയ്ക്കുന്നത്. ഔഡി നേരത്തേ വിപണിയിലെത്തിച്ച ക്യൂ 3, ക്യൂ 5, ക്യൂ 7 എന്നിവയുടെ രൂപകല്പനയുമായി ഏറെ സാദൃശ്യം പുലര്‍ത്തുന്നുണ്ട് ക്യൂ 2.
ക്യൂ 3യുടെ അതേ 2.6 മീറ്റര്‍ വീല്‍ബെയ്‌സാണ് ക്യൂ 2വിനുമുള്ളത്.

എന്നാല്‍, നീളവും ഉയരവും ക്യൂ 3യേക്കാള്‍ കുറവാണ്. ക്യൂ 3യേക്കാള്‍ യുവത്വവും സ്‌പോര്‍ട്ടീ ലുക്കും ക്യൂ 2 അവകാശപ്പെടുന്നു. ഔഡി ലോഗോയോടു കൂടിയ മുന്നിലെ വീതിയേറിയ ഗ്രില്‍ മനോഹരവും പൗരുഷം നിറയുന്നതുമായ ഭാവമാണ് ക്യൂ 2വിന്റെ മുന്‍ഭാഗത്തിനു നല്‍കുന്നത്. ഭംഗിയുള്ള എല്‍.ഇ.ഡി ടെയ്ല്‍ലാമ്പുകളും ചേര്‍ത്ത് ക്യൂ 2വിന്റെ പിന്‍ഭാഗവും ഔഡി വ്യത്യസ്തമാക്കിയിട്ടുണ്ട്.

ജി.പി.എസ്., വൈ ഫൈ ഹോട്‌സ്‌പോട്ട്, ബ്‌ളൂടൂത്ത്, ഐപോഡ് കോംപാറ്റിബിളി തുടങ്ങിയവ ഉള്‍പ്പെടുന്ന അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടെ ആഡംബരം നിറഞ്ഞു തുളുമ്പുകയാണ് അകത്തളത്തില്‍. 8.4 ഇഞ്ച് (ഓപ്ഷണല്‍) ടച്ച് സ്‌ക്രീന്‍ എടുത്തു പറയേണ്ട മികവാണ്.

യാത്രികരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയുണ്ട്. ആറ് എയര്‍ ബാഗുകള്‍ക്ക് പുറമേ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇ.ബി.ഡി) എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ക്യൂ 2വിലുണ്ട്.

Top