ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോണ്‍. രണ്ട് വര്‍ഷം മുമ്പ് ആഗോള വിപണിയിലെത്തിയ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ജൂലൈ 22നാണ് ഔഡി ഇട്രോണ്‍ 50, ഔഡി ഇട്രോണ്‍ 55, ഔഡി ഇട്രോണ്‍ സ്പോര്‍ട്ബാക്ക് 55 എന്നീ ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.
ഇതിന് മുന്നോടിയായി ഔഡി ഇന്ത്യ സവിശേഷ സര്‍വീസ്, വാറന്റി, ബൈ-ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സര്‍വ്വീസ് പ്ലാനുകള്‍, വാറന്റി ഉള്‍പ്പെടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സര്‍വീസ് പ്ലാനുകള്‍, 2 വര്‍ഷത്തെ സ്റ്റാന്‍ഡേഡ് വാറന്റി, 8 വര്‍ഷം വരെയോ 1.60 ലക്ഷം കിമീ വരെയോ ഹൈ വോള്‍ട്ടേജ് ബാറ്ററി വാറന്റി എന്നിവയാണ് ഇവയില്‍ പ്രധാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2+2 വര്‍ഷം, 2+3 വര്‍ഷം എന്നിങ്ങനെ എക്സ്റ്റന്‍ഡഡ് വാറന്റികളും ലഭ്യമാകും. 4, 5 വര്‍ഷ കാലാവധിയുള്ള കോംപ്രിഹെന്‍സീവ് സര്‍വീസ് പ്ലാനുകളുമുണ്ട്. കോംപ്രിഹെന്‍സീവ് പ്ലാനില്‍ സര്‍വീസ്, കാലാകാലങ്ങളിലുള്ള ബ്രേക്കുകളുടേയും സസ്പെന്‍ഷനുകളുടേയും മെയിന്റനന്‍സ്, എക്സ്റ്റന്‍ഡഡ് വാറന്റി എന്നിവ ഉള്‍പ്പെടുന്നു. മേല്‍പ്പറഞ്ഞ മൂന്ന് ഇലക്ട്രിക് മോഡലുകള്‍ അപ്ഗ്രേഡ് ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പര്‍ച്ചേസ് തീയതി മുതല്‍ 3 വര്‍ഷത്തേയ്ക്ക് ഇലക്ട്രിക് കാര്‍ രംഗത്തെ മികച്ച വിലയിലാണ് ബൈ-ബാക്ക് ഓഫര്‍.
അതേസമയം ഔഡി ഇ ട്രോണ്‍, ഔഡി ഇ ട്രോണ്‍ സ്പോര്‍ട്ട്ബാക്ക് എന്നീ പെര്‍ഫോമന്‍സ് ഇലക്ട്രിക് എസ്യുവികളുടെ പ്രീ ബുക്കിംഗ് കമ്പനി ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്തിയ വകഭേദമായ ഇ ട്രോണ്‍ 55 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 436 കിലോമീറ്റര്‍ ഓടും. 446 കിലോമീറ്ററാണ് സ്പോര്‍ട്ബാക്കിന്റെ റേഞ്ച്. ആക്സിലുകള്‍ക്ക് ഇടയില്‍ ഘടിപ്പിച്ച 95 കിലോവാട്ട് അവര്‍, ലിക്വിഡ് കൂള്‍ഡ്, ലിതിയം അയോണ്‍ ബാറ്ററിയാണ് ഇ ട്രോണിന്റെ ഹൃദയം. ഓരോ ആക്സിലിലുമായി രണ്ട് വൈദ്യുത മോട്ടോറാണ് ഓള്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള കാറിലുള്ളത്. 265 കിലോവാട്ട് കരുത്തും 561 എന്‍ എം ടോര്‍ക്കുമാണ് ഈ മോട്ടോറുകള്‍ സൃഷ്ടിക്കുക.
6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. ബുസ്റ്റ് മോഡില്‍ ഈ വേഗത്തിലെത്താന്‍ 5.7 സെക്കന്‍ഡ് മതി. ഇ ട്രോണിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കിലോമീറ്ററാണ്. കാറിലെ ബൂസ്റ്റ് ഫങ്ക്ഷന്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ പരമാവധി കരുത്ത് 300 കിലോവാട്ടായും ടോര്‍ക്ക് 664 എന്‍ എമ്മായും ഉയരും. ഇതോടെ വെറും 5.7 സെക്കന്‍ഡില്‍ കാര്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. ഫോക്‌സ്വാഗണ്‍ വിഷന്‍ ഇ-കണ്‍സെപ്റ്റിന് സമാനമായി ഇ-ട്രോണിനും കണ്ണാടികളില്ല. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തിലെ സ്‌ക്രീനില്‍ ദൃശ്യമാക്കും. അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിംഗ് കപ്പാസിറ്റിയും 660 ലിറ്റര്‍ ലഗ്ഗേജ് കപ്പാസിറ്റിയും കമ്പനി നല്‍കിയിട്ടുണ്ട്.
ഔഡി കാറുകളുടെ മുഖമുദ്രയായ സിംഗിള്‍-പീസ് ഗ്രില്‍, മാട്രിക്സ്-എല്‍ഇഡി ഹെഡ്ലാംപുകള്‍, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ സവിശേഷതകള്‍. കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിനായി ബമ്പറുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.