ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കളുടെ ലേലം നാളെ; അജയ് ശ്രീവാസ്തവ ഇത്തവണയുമെത്തും

മുംബൈ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്നഗിരിയിലെയും നാലിടത്തെ സ്വത്തുവകകൾ വെള്ളിയാഴ്ച ലേലം ചെയ്യും. നാലു വസ്തുവകകൾക്കുമായി 19.2 ലക്ഷം രൂപ കരുതൽ വില നിശ്ചയിച്ചിട്ടുണ്ട്. കള്ളക്കടത്തുകാർക്കും വിദേശനാണയ വിനിമയ ചട്ടങ്ങൾ ലംഘിക്കുന്നവർക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയ സ്വത്തുക്കളാണിത്.

രത്‌നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്പഴത്തോട്ടവും ഇതിൽ ഉൾപ്പെടുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ ഇതേ സ്ഥലത്തെ 2 പ്ലോട്ടുകളും പഴയ പെട്രോൾ പമ്പും ഉൾപ്പെടെയുള്ളവ 2020 ൽ 1.10 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു.

ലേലത്തിൽ പങ്കെടുക്കുന്നത് ആരൊക്കെയാണെന്ന് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും അഭിഭാഷകനും ശിവസേന മുൻ അംഗവുമായ അജയ് ശ്രീവാസ്തവയാകും ഒരാളെന്നാണ് സൂചന. ശ്രീവാസ്തവ മുൻപും ദാവൂദിന്റെ മൂന്നു സ്വത്തുക്കൾ ലേലത്തിൽ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബാകെയിലെ വസതിയും ഇതിൽ ഉൾപ്പെടും.

2020ലെ ലേലത്തിൽ പിടിച്ചെടുത്ത ബംഗ്ലാവിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് ശ്രീവാസ്തവ അറിയിച്ചു.

വെള്ളിയാഴ്ച നടക്കുന്ന ലേലത്തിൽ താനും പങ്കെടുക്കുമെന്ന് ശ്രീവാസ്തവ അറിയിച്ചു. 2001ൽ നടന്ന ലേലത്തിൽ താൻ പങ്കെടുത്തത് ജനങ്ങൾക്ക് ദാവൂദിനോടുള്ള ഭയം മാറാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനു ശേഷം നിരവധി ആളുകൾ ലേലത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നുവെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന ദാവൂദിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല.

Top