ആറ്റുകാല്‍ പൊങ്കാല; ഇത്‌ അഗ്‌നിക്കൊപ്പം ആത്മാവും അമ്മയ്ക്ക് സമര്‍പ്പിക്കുന്ന സമഭാവന

നാരിജനങ്ങളാല്‍ സമൃദ്ധമായ ആറ്റുകാല്‍ പൊങ്കാല ലോകപ്രശസ്തമാണ്.ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കുവാന്‍ ഓരോ വര്‍ഷവും ഈ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരുന്നത്.

ചൈതന്യം സ്ഫുരിക്കുന്ന ക്ഷേത്രങ്ങളുടെ നഗരമായ അനന്തപുരിയുടെ (തിരുവനന്തപുരം)ഹൃദയഭാഗത്താണ് പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ഥതി ചെയ്യുന്നത്. പദ്മനാഭന്റെ കൊട്ടാരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ പുണ്യ പുരാതന ക്ഷേത്രം. സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ക്ഷേത്രം അറിയപ്പെടുന്നത്.

കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിച്ച് പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവ മാമാങ്കം പകലെന്നും രാത്രിയെന്നും വ്യത്യാസമില്ലാത്ത ആഘോഷങ്ങളുടെ ദിനങ്ങളാണ്. ഈ ഉത്സവനാളുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണ്ണമിയും ഒത്തു ചേരുന്ന പൊങ്കാലയാണ്. ഈ ദിവസം ക്ഷേത്ര പരിസരത്തിന് പുറമെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് നാരിഭക്തര്‍ പൊങ്കാല ഇടുന്നത്. ആ സമയം നഗരം ആഴിക്ക് സമാനമാകും.

കേരളത്തില്‍ മിക്ക ദേവിക്ഷേത്രങ്ങളിലും പൊങ്കാല ചടങ്ങുകളുണ്ടെങ്കിലും സ്ത്രീകളുടെ പ്രാതിനിധ്യം കൊണ്ട് ഇതില്‍ ഏറ്റവും പ്രാധാന്യം ആറ്റുകാല്‍ പൊങ്കാലയ്ക്കാണ്.

ആറ്റുകാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെ ഒരു കാരണവര്‍ കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വരികയും മറകരയില്‍ എത്തിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു. അന്ന് രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. പിറ്റേന്ന് കാവില്‍ എത്തിയ കാരണവര്‍ ശൂലം ഉപയോഗിച്ച അടയാളം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം.

ഓരോ വര്‍ഷവും ആറ്റുകാലിലേക്ക് ഇരമ്പിയെത്തുന്ന മനുഷ്യകടലിന്റെ വലിപ്പം കൂടുകയല്ലാതെ ഒരിക്കലും കുറയാറില്ല. അതിനു കാരണവും മറ്റൊന്നുമല്ല. അമ്മയെന്ന പരമസത്യമാണ്.

ലോകത്തില്‍ ഏറ്റവുമധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന പ്രത്യേകത ഉള്ളതിനാല്‍ ഇത് ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. 2009 മാര്‍ച്ച് മാസത്തില്‍ നടന്ന പൊങ്കാലയാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. അന്ന് 25 ലക്ഷം ആളുകളാണ് പൊങ്കാല അര്‍പ്പിക്കുന്നതിന് എത്തിയിരുന്നത്.

കുളിച്ച് നേരിയതുടുത്ത് പൊങ്കാലക്കലങ്ങളില്‍ ഓരോ സ്ത്രീയും തന്റെ പ്രാര്‍ത്ഥനകളെയും വിശ്വാസങ്ങളെയും തിളപ്പിച്ചെടുക്കും. കലങ്ങളിലെ അരി തിളച്ചു പൊങ്ങിയാല്‍ അമ്മ അനുഗ്രഹിച്ചു കഴിഞ്ഞു എന്നതാണ് നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്തു വരുന്ന വിശ്വാസം.

ദൈവത്തിനുമുന്നില്‍ തല വണങ്ങുമ്പോഴും ആത്മാവിന്റെ ഉയര്‍ച്ചയാണ് പൊങ്കാലയിലൂടെ ഉദ്ദേശിക്കുന്നത്. അത് ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണവുമാണ്

കൊടും വെയിലിനെ വകവെയ്ക്കാതെ , പൊള്ളുന്ന ചൂടിലും അമ്മയുടെ അനുഗ്രഹത്തിനായി അവര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കും.അഗ്‌നിക്കൊപ്പം ആത്മാവും അമ്മയ്ക്ക് സമര്‍പ്പിക്കുന്ന സമഭാവന.

Top