ആറ്റുകാല്‍ പൊങ്കാല; അവലോകനയോഗം ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പൊതുസ്ഥലങ്ങളിലും, പൊതു നിരത്തുകളിലും പൊങ്കാല ഇടാന്‍ അനുവദിക്കില്ല. വീടുകളില്‍ പൊങ്കാലയിടാം. ക്ഷേത്ര പരിസരത്ത് പൊങ്കാല പ്രമാണിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തുന്നതിനുമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വീട്ടുവളപ്പുകളില്‍ ഇടുന്ന പൊങ്കാല റോഡിലേക്ക് വ്യാപിക്കുവാന്‍ അനുവദിക്കുന്നതല്ല.

കൂടാതെ വീട്ടുടമസ്ഥന്‍ സ്വന്തം നിലയ്ക്ക് തന്നെ വീടുകളിലെ പൊങ്കാല വലിയ ആള്‍ക്കൂട്ടത്തിന് ഇടവരുത്താതെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് നിര്‍വഹിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താന്‍ തീരുമാനിച്ചത്.

 

 

Top