ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും

തിരുവന്തപുരം : ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി പ്രധാന ചടങ്ങായ തോറ്റംപാട്ടും ആരംഭിക്കുന്നതോടെ ഇന്ന് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാകും.

ഉത്സവ നാളുകളില്‍ ദര്‍ശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലില്‍ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് വരി നില്‍ക്കാനുള്ള ബാരിക്കേഡുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് അനാച്ഛാദനം ചെയ്തു.

പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു.ഫെബ്രുവരി 25 നാണ് പൊങ്കാല. ഇന്ന് മുതല്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആചാരങ്ങളും ആഘോഷങ്ങളും ഉത്സവത്തിന്റെ ഭാഗമാകും.26ന് കാപ്പഴിച്ച് കുടിയിളക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും.

Top