രാജ്യദ്രോഹക്കുറ്റം നിലനിർത്തണം’; സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ച് അറ്റോർണി ജനറൽ

ഡൽഹി: ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയിൽ. ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹർജികളിൽ വീണ്ടും വാദം കേൾക്കും.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം . നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുതെന്നായിരുന്നു എജിയുടെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന 1962 ലെ കേദാർനാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിർത്തു.

Top